ഒരു ഈച്ചയ്ക്ക് രണ്ടു രൂപ, ശേഖരിച്ചത് 14 ലക്ഷം: എന്നിട്ടും രക്ഷയില്ല, 1.5 ലക്ഷം സാൽ മരങ്ങൾ മുറിച്ചു മാറ്റുന്നു

ഭോപ്പാൽ: ഉത്തര്‍പ്രദേശിലെ ദിണ്ഡേരി, അനൂപ്പ്പൂര്‍ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന അമര്‍ കണ്ടക് വനമേഖലയിൽ ഒന്നര ലക്ഷം മരങ്ങൾ മുറിച്ചു മാറ്റാൻ അനുമതി നൽകി കേന്ദ്ര സര്‍ക്കാര്‍. ഈ വനമേഖലയിൽ തിങ്ങി വളരുന്ന ഈടുറ്റ തടി ഇനത്തിലെ സാൽ ബോറർ (Sal Borer) മരങ്ങളാണ് മുറിക്കുന്നത്. വ്യാപകമായ കീടബാധ തടയുന്നതിന്റെ ഭാഗമായാണ് നടപടി.
മരങ്ങൾ ഒന്നോടെ മുറിച്ചു മാറ്റാൻ അനുമതിയായതായും വെട്ടിമാറ്റൽ ഉടൻ ആരംഭിക്കുമെന്നും ദിണ്ഡോരി സബ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സുരേന്ദ്ര ജാതവ് അറിയിച്ചു. ദിണ്ഡേരിയിൽ മാത്രം 1.46 ലക്ഷം മരങ്ങൾ ഇങ്ങനെ നീക്കം ചെയ്യും. ഈ ഡിവിഷനകത്തെ കരംജിയ ഫോറസ്റ്റ് റേഞ്ചിലാണ് രോഗ ബാധ കണ്ടെത്തിയ 90 ശതമാനം മരങ്ങളും.
സാൽ മരങ്ങളെ ബാധിക്കുന്ന 'സാൽ ബോറർ' (Sal Borer - Hoplocerambyx spinicornis) കീടബാധ നിയന്ത്രിക്കാനായാണ് അറ്റകൈ പ്രയോഗം. ഈ മരയീച്ചകൾ പുറം തൊലിയിൽ മുട്ടയിട്ട് ലാര്‍വകൾ വിരിയിക്കയും ഇങ്ങനെയുണ്ടാവുന്ന കുഞ്ഞുങ്ങൾ മരം തുളച്ച് കാതലിൽ പ്രവേശിക്കയും ചെയ്യും. അകത്ത് ഇരുന്ന് നീര് ഊറ്റി കുടിക്കുക വഴി മരങ്ങൾ കൂട്ടത്തോടെ നശിക്കും. അനൂപ്പ് പൂരിൽ മാത്രം 9,535 കൂറ്റൻ സാലുകൾ വെട്ടമാറ്റും. ഇവിടെയും നടപടികൾ പൂര്‍ത്തീകരിച്ച് കഴിഞ്ഞതായി അനൂപ്പ്പൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ദേവിഡ് ചെനാപ് പറഞ്ഞു.
ഒരു ഈച്ചയ്ക്ക് രണ്ടു രൂപ
വനമേഖലയിൽ ജീവിക്കുന്ന ഗ്രാമീണര്‍ക്കും ഗോത്രവര്‍ഗകാര്‍ക്കും ഈച്ച പിടിക്കാൻ പരിശീലനം നൽകിയിരുന്നു. ഒരു ഈച്ചയ്ക്ക് രണ്ട് രൂപ നിരക്കിൽ നൽകുകയും ചെയ്തു. ഈ ഇനത്തിൽ 38.5 ലക്ഷം രൂപ ചെലവഴിച്ചതായാണ് വനം വകുപ്പിന്റെ കണക്ക്. 19,25,118 ഈച്ചകളെ വനം വകുപ്പ് ശേഖരിച്ച് നശിപ്പിച്ചു.

വനത്തിൽ കടന്ന് മരങ്ങളിൽ നിന്നും ഈച്ചകളെ ശേഖരിച്ച് വനംവകുപ്പിന്റെ കളക്ഷൻ സെന്ററിൽ ഏല്പിക്കയാണ് ചെയ്യുന്നത്. അഞ്ച് കളക്ഷൻ കേന്ദ്രങ്ങളാണ് ഇതിന് മാത്രമായി തുറന്നത്. 2025 മുതൽ ഈ പ്രദേശത്ത് വ്യാപകമായി കീട ഈച്ച ബാധ റിപ്പോര്‍ട് ചെയ്തിരുന്നു. മഴ കൂടി എത്തിയതോടെ ഇവ കൂടുതലായി. ശേഖരിച്ച് നശിപ്പിക്കുന്ന രീതിയിൽ നിയന്ത്രണ വിധേയമായില്ല.
തേക്കിനെ വെല്ലുന്ന സാൽ മരങ്ങൾ
തേക്കിനെ വെല്ലുന്ന ഉറപ്പും ഈടും ഉള്ളവയാണ് സാൽ മരങ്ങൾ. 'ഹാർഡ്‌വുഡ്' (Hardwood) ഇനത്തിൽ ഉൾപ്പെടുന്നതാണ്. റെയിൽവേ സ്ലീപ്പറുകൾ, പാലങ്ങൾ, കെട്ടിട നിർമ്മാണം, ഫർണിച്ചറുകൾ എന്നിവയ്ക്കാണ് മുഖ്യമായും പ്രയോജനപ്പെടുത്തുന്നത്. ചിതൽ പിടിക്കാത്തത് എന്ന പ്രത്യേകത കൂടി ചേര്‍ന്ന് ഇതിന്റെ തടി ഏറ്റവും വിലപിടിപ്പുള്ളതായി മാറുന്നു.
1997 ലാണ് ഇതിന് മുൻപ് സമാന രീതിയിൽ കീടബാധ റിപ്പോര്‍ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം തുടക്കത്തിൽ 24,000 മരങ്ങൾ മുറിച്ചു മാറ്റാനായിരുന്നു തീരുമാനം. കേന്ദ്ര അനുമതി വന്നപ്പോൾ 1.5 ലക്ഷമായി. ടി-വൺ മുതൽ ടി-സിക്സ് വരെ ഗ്രേഡ് ചെയ്താണ് രോഗ ബാധിത മരങ്ങളെ വേര്‍തിരിച്ചിരിക്കുന്നത്.
വികസനത്തിന്റെ പേരിലും
മധ്യപ്രദേശിൽ വൻതോതിൽ മരങ്ങൾ മുറിച്ചു മാറ്റുന്നതായുള്ള വിവാദത്തെ തുടര്‍ന്ന് നഗര പ്രദേശങ്ങളിലെ പൊതു മരങ്ങൾ മുറിക്കുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും എടുത്തു മാറ്റിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് മുതൽ ഈ അധികാരം വനം വകുപ്പിന് കീഴിലാണ്. ഇതിനായി ട്രീ ഓഫീസര്‍ എന്ന പദവി സൃഷ്ടിച്ചു. 10 വരിയുളള അയോധ്യ ബൈപ്പാസിനായി 8000 മരങ്ങൾ മുറിച്ചു മാറ്റി. മെട്രോ കോർപ്പറേഷന് വേണ്ടി രത്നഗിരി മുതൽ ഭദ്ഭദ വരെയുള്ള പാതയിൽ 668 മരങ്ങളും വെട്ടിമാറ്റി. വലിയ വിവാദം ഉയര്‍ന്നതോടെയാണ് നിയന്ത്രണം നടപ്പാക്കിയത്.









0 comments