Deshabhimani

print edition എസ്‌ഐആർ വിരുദ്ധ പ്രക്ഷോഭം; വിശാല മുന്നണിയുമായി ഇടതുപക്ഷം

CJP

എസ്‌ഐആറിനെതിരെയുള്ള വിശാല ബഹുജന മുന്നണി രൂപീകരണ യോഗത്തിൽ പങ്കെടുക്കാനായി ഹർകിഷൻ സിങ്‌ സുർജിത്‌ ഭവനിലെത്തിയ പ്രകാശ്‌ രാജിനെ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി സ്വീകരിക്കുന്നു

വെബ് ഡെസ്ക്

Published on Oct 15, 2026, 01:30 AM | 2 min read

ന്യൂഡൽഹി : പ‍ൗരന്മാരുടെ വോട്ടവകാശം കവർന്നെടുക്കുന്ന മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിനും എസ്‌ഐആർ പ്രക്രിയക്കുമെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താൻ പുതിയ വിശാല ബഹുജന മുന്നണി രൂപീകരിച്ച്‌ ഇടതുപക്ഷം. ഇടതുപാർടികളുടെ വർഗബഹുജന സംഘടനകളും പ‍ൗരസംഘടനകളും ചേർന്നുള്ള ‘പീപ്പിൾ എഗെൻസ്റ്റ്‌ എസ്‌ഐആർ’ എന്ന മുന്നണിക്ക്‌ ഡൽഹി സുർജിത്‌ ഭവനിൽ ചേർന്ന കൺവൻഷനിലാണ്‌ രൂപം നൽകിയത്‌.


എസ്‌ഐആർ നടപടികൾ റദ്ദാക്കുക, ഗ്യാനേഷ്‌ കുമാറിനെ പുറത്താക്കുക, എസ്‌ഐആറിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരഞ്ഞെടുപ്പുകൾ റദ്ദാക്കുക, 2024 ലോക്‌സഭാ തെഞ്ഞെടുപ്പിലെ വോട്ടർപട്ടിക തുടർന്നും ഉപയോഗിക്കുക, തെരഞ്ഞെടുപ്പ്‌ കമീഷൻ പരിഷ്‌കരിക്കുക എന്നിവയാണ്‌ പ്രധാന ആവശ്യങ്ങൾ. ആദ്യ രാജ്യവ്യാപക പ്രക്ഷോഭം 23ന്‌ പ്രധാന നഗരങ്ങളിൽ സംഘടിപ്പിക്കും.

​

രാഷ്‌ട്രീയ പാർടികൾക്കും പ‍ൗരസംഘടനകൾക്കും പുറമേ കർഷകർ, കർഷത്തൊഴിലാളികൾ, തൊഴിലാളികൾ, യുവജനങ്ങൾ, വിദ്യാർഥികൾ തുടങ്ങി എല്ലാ മേഖലയിലുമുള്ളവരും വിശാല മുന്നണിയിൽ ഒന്നിക്കും. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പിബി അംഗങ്ങളായ അശോക്‌ ധാവ്‌ളെ, മറിയം ധാവ്‌ളെ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സാമൂഹ്യപ്രവർത്തകനും നടനുമായ പ്രകാശ്‌ രാജ്‌, സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത്‌ ഭൂഷൺ, കിസാൻസഭാ നേതാക്കളായ പി കൃഷ്‌ണപ്രസാദ്‌, ഡോ. സുനിലാം, കർഷത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്ട്‌, ഡിവൈഎഫ്‌എ പ്രസിഡന്റ്‌ എ എ റഹിം, ജനറൽ സെക്രട്ടറി ഹിമാഘ്‌നരാജ്‌ ഭട്ടാചാര്യ, എസ്‌എഫ്‌ഐ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷ്‌ തുടങ്ങി ഇരുനൂറ്റിയന്പതോളം പേർ കൺവെൻഷനിൽ പങ്കെടുത്തു.



മോദിക്കും ബ്രിട്ടീഷുകാരുടെ 
ഗതിവരും: എം എ ബേബി


സമാധാനപരമായി പ്രതിഷേധിച്ചവരെ വേട്ടയാടിയ ബ്രിട്ടീഷുകാരുടെ ഗതിയായിരിക്കും മോദിക്കും അമിത്‌ ഷായ്‌ക്കുമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ജന്തർമന്തറിൽ സമാധാനപരമായി പ്രതിഷേധിച്ചതിനും ദേശീയപതാക ഉയർത്തിയതിനും സ‍ൗരവ്‌ ദാസ്‌,


അശുതോഷ്‌ റംക എന്നിവരെ ജയിലിലിട്ടു. ജന്തർമന്തറിലേക്ക്‌ സമാധാനപരമായി മാർച്ച്‌ ചെയ്ത വിദ്യാർഥികളെയും യുവാക്കളെയും എംപിമാരായ എ എ റഹിം, വി ശിവദാസൻ എന്നിവരെയും ഡൽഹി പൊലീസ്‌ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ട ആക്രമണങ്ങളിൽ നിന്നും പീഡനങ്ങളിൽ നിന്നും ഇതുവരെ പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾ മുക്തരായിട്ടില്ല.


വോട്ടവകാശവും പ്രതിഷേധിക്കാനുള്ള അവകാശവും സംരക്ഷിക്കുന്നതിനായി അവർ തെരുവിൽ തുടരുകയാണ്‌. ഭഗത്‌ സിങ്ങിന്റെ ഒന്നാം രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ, 1932ന്‌ ഒരു പതിനാറ്‌ വയസ്സുകാരൻ പഞ്ചാബിലെ ഹോഷിയാർപുർ ജില്ലാ കോടതിയിൽ ത്രിവർണ പതാക ഉയർത്തി.


ഇ‍ൗ കുറ്റത്തിന്‌ അദ്ദേഹത്തെ ബ്രിട്ടീഷുകാർ വെടിവയ്ക്കുകയും ജയിലിലടയ്ക്കുകയും ചെയ്തു. ആ ക‍ൗമാരക്കാരൻ പിന്നീട്‌ സിപിഐ എമ്മിന്റെ ജനറൽ സെക്രട്ടറിയായി. ഹർകിഷൻ സിങ്‌ സുർജിത് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്‌–എം എ ബേബി എക്‌സിൽ കുറിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home