print edition പെല്ലറ്റ് പ്രയോഗം; രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു

ന്യൂഡൽഹി : ജന്തർമന്തർ പ്രക്ഷോഭത്തിനിടെ പെല്ലറ്റ് തോക്ക് പ്രയോഗിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റ് സ്‌ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ നടത്തി. പൊലീസ് കേസെടുത്തതോടെ പ്രതിഷേധം അവസാനിപ്പിച്ചു.
പൊലീസിന്റെ പെല്ലറ്റ് ആക്രമണത്തിൽ 99 ശതമാനം കാഴ്‌ചശക്തി നഷ്‌ടപ്പെട്ട നജഫ്‌ഗഡ് സ്വദേശിയായ സാഹിൽ ലോച്ചബിന്റെ പരാതിയിൽ കേസെടുക്കണമെന്ന ആവശ്യം പൊലീസ് തള്ളിയതിനെ തുടർന്നായിരുന്നു പ്രതിഷേധം. സിജെപിയുടെയും ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെയും ആഭിമുഖ്യത്തിൽ ജൂലൈ 20ന് നടത്തിയ പാർലമെന്റ് മാർച്ചിനെ അടിച്ചമർത്താനുള്ള പൊലീസിന്റെ ശ്രമത്തിനിടെയാണ് ഡൽഹി സർവകലാശാല സ്‌കൂൾ ഓഫ് ഓപ്പൺ ലേണിങ് (സിഒഎൽ) വിദ്യാർഥി സാഹിലിന് പെല്ലറ്റ് പ്രയോഗത്തിൽ പരിക്കേറ്റത്.
സാഹിലിന്റെ ശരീരത്തിൽ ഇരുനൂറിലധികം പെല്ലറ്റ് തറച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കണ്ണിൽ മൂന്ന് പെല്ലറ്റ് തറച്ചുകയറി. കാഴ്‌ച പൂർണമായും നഷ്‌ടപ്പെട്ടു. ഹൃദയത്തോട് ചേർന്നും പെല്ലറ്റ് തറച്ചുകയറി –രാഹുൽ പറഞ്ഞു. പ്രതിഷേധം ശക്തമായതോടെയാണ് സാഹിലിന്റെ പരാതിയിൽ കേസെടുക്കാൻ ഡൽഹി പൊലീസ് തയ്യാറായത്.









0 comments