print edition ഇടർച്ചയില്ലാത്ത തുടർച്ചയ്ക്ക് പഴനി

പ്രതീകാത്മക ചിത്രം
പഴനി: മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഉയർത്തി വികസനത്തുടർച്ചയ്‌ക്കാണ് പഴനിയിൽ മതനിരപേക്ഷ പുരോഗമന സഖ്യം വോട്ടുചോദിക്കുന്നത്. അതിനൊപ്പം കേന്ദ്ര സർക്കാരിന്റെ അമിതാധികാര പ്രയോഗവും പഴനി ക്ഷേത്രത്തെ രാഷ്‌ട്രീയമായി ഉപയോഗിക്കാനുള്ള സംഘപരിവാർ ശ്രമങ്ങളും പ്രധാന രാഷ്‌ട്രീയ വിഷയമായി ഉയർത്തുന്നു. 80 കോടി ചെലവഴിച്ച് പഴനി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തി.
പൊതുജനങ്ങൾക്ക് പുറമേ ക്ഷേത്രത്തിലെത്തുന്നവർക്കും കൂടി ആവശ്യഘട്ടങ്ങളിൽ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ ഇതിലൂടെ സാധിച്ചു. കൊടൈക്കനാലിന്റെ കൂടുതൽ വിനോദ സഞ്ചാര സാധ്യതകൾ ഉറപ്പാക്കാനായി വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു. പാർക്കിങ് പ്രതിസന്ധി പരിഹരിക്കാനായി പുതിയ പാർക്കിങ് ഏരിയ സാധ്യമാക്കി. പഴനി ക്ഷേത്രത്തിൽ ഭക്തർക്ക് താമസിക്കാൻ 400 കിടക്കയുള്ള സമുച്ചയത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. അനുബന്ധ സൗകര്യങ്ങൾ വർധിപ്പിക്കാനായി 58 ഏക്കർ സ്ഥലമേറ്റെടുത്തു. നഗരത്തിൽ ഭൂഗർഭ അഴുക്കുചാൽ ശൃംഖലയും ആവിഷ്‌കരിച്ചു.
വർഷങ്ങളായി ജനങ്ങളുടെ ആവശ്യമായിരുന്ന മേൽപാലങ്ങൾ അടക്കമുള്ളവ യാഥാർഥ്യമാക്കി. വികസനത്തിനൊപ്പം ക്ഷേത്രത്തെയും ഭക്തരെയും രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കാനുള്ള ബിജെപി നീക്കത്തിനെതിരെ വലിയ പ്രതിരോധമാണ് സിപിഐ എമ്മും ഡിഎംകെയും തീർക്കുന്നത്. വലിയ മണ്ഡലമായതിനാൽ പഴനി, കൊടൈക്കനാൽ എന്നിങ്ങനെ രണ്ട് മേഖലകളായി തിരിച്ചാണ് പ്രചാരണം. സ്ഥാനാർഥി പര്യടനത്തിന് പുറമേ, വീടുകയറിയുള്ള പ്രചാരണവും നടക്കുന്നു. ജനാധിപത്യ മഹിളാ അസോസിയേഷനും ഡിഎംകെയും ചേർന്ന് പ്രത്യേക വനിത സ്‌ക്വാഡും സജീവമാണ്. പാർടി നേതാക്കൾക്ക് പുറമേ കലാ സാംസ്‌കാരിക രംഗത്തുള്ളവരും പ്രചാരണത്തിനെത്തി. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പഴനിയിൽ പൊതുയോഗത്തിൽ സംസാരിച്ചു. നടി രോഹിണി കൊടൈക്കനാലിലും നടൻ പ്രകാശ് രാജ് പഴനിയിലും സംസാരിച്ചു.











0 comments