നീറ്റ് ഉദ്യോഗാർത്ഥിയുടെ മരണം: പട്നയിലെ സ്വകാര്യ ഹോസ്റ്റൽ അന്വേഷണ സംഘം സീൽ ചെയ്തു

പട്ന: പട്നയിൽ നീറ്റ് പരീക്ഷാ പരിശീലനത്തിന് എത്തിയ വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹത തുടരുന്നതിനിടെ പെൺകുട്ടി താമസിച്ചിരുന്ന സ്വകാര്യ ഹോസ്റ്റൽ അന്വേഷണ സംഘം സീൽ ചെയ്തു. ജഹാനാബാദ് സ്വദേശിനിയായ പതിനെട്ടുകാരിയുടെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. ഈ മാസം ആദ്യമാണ് പട്നയിലെ ചിത്രഗുപ്ത നഗറിലുള്ള ഹോസ്റ്റൽ മുറിയിൽ പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന പെൺകുട്ടി ജനുവരി 11-ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നും പൊലീസ് കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. പെൺകുട്ടി അമിത അളവിൽ ഉറക്കഗുളിക കഴിച്ചിരുന്നതായും ടൈഫോയ്ഡ് ബാധിതയായിരുന്നുവെന്നുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റൽ ഉടമയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇതേ നഗരത്തിലെ മറ്റൊരു ഹോസ്റ്റലിൽ മറ്റൊരു നീറ്റ് ഉദ്യോഗാർഥിയായ പതിനഞ്ചുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയതും പാട്നയെ ഞെട്ടിച്ചിട്ടുണ്ട്. എക്സിബിഷൻ റോഡിലെ ഹോസ്റ്റലിൽ ഔറംഗബാദ് സ്വദേശിനിയായ പെൺകുട്ടിയാണ് മരിച്ചത്. പെൺകുട്ടിയെ ഒരാൾ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ഉപദ്രവിച്ചിരുന്നതായി കുടുംബം പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഗാന്ധി മൈതാൻ പൊലീസ് ഒരു യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. വിദ്യാർഥിനികളുടെ തുടർച്ചയായ മരണങ്ങൾ നഗരത്തിലെ ഹോസ്റ്റലുകളുടെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വലിയ ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്.










0 comments