വീട്ടിൽ അതിക്രമിച്ചു കയറുകയോ ശരീരത്തിൽ സ്പർശിക്കുകയോ ചെയ്താൽ ബലാത്സംഗ കുറ്റമാകില്ല, തെളിവ് വേണം: പട്ന ഹൈക്കോടതി

പട്ന: സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയോ ശരീരത്തിൽ സ്പർശിക്കുകയോ ദേഹത്തുകയറി ഇരിക്കുകയോ ചെയ്തു എന്നതിന്റെ മാത്രം അടിസ്ഥാനത്തിൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്ന നിരീക്ഷണവുമായി പട്ന ഹൈക്കോടതി. വൈദ്യപരിശോധനാ ഫലമോ മറ്റ് തെളിവുകളോ ഇല്ലാതെ, ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയുടെ ശിക്ഷ, സ്ത്രീയുടെ മാന്യതയ്ക്ക് ഭംഗം വരുത്തിയെന്ന കുറ്റമായി കുറച്ചുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. ജസ്റ്റിസ് സന്ദീപ് കുമാറാണ് വിധി പ്രസ്താവിച്ചത്.
2010 ഫെബ്രുവരി 8ന് രാത്രി പത്ത് മണിയോടെ മുഹമ്മദ് ഐനുൽ ഹഖ് എന്നയാൾ വിധവയായ യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകയറി വായ പൊത്തിപ്പിടിച്ച് ഉപദ്രവിച്ചു എന്നായിരുന്നു കേസ്. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
വിചാരണ വേളയിൽ പരാതിക്കാരിയായ യുവതിയൊഴികെയുള്ള മറ്റ് സാക്ഷികളെല്ലാം കൂറുമാറിയിരുന്നു. യുവതിയുടെ ശരീരത്തിലോ വസ്ത്രങ്ങളിലോ ബലപ്രയോഗം നടന്നതിന്റെയോ പരിക്കേറ്റതിന്റെയോ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. മെഡിക്കൽ റിപ്പോർട്ടോ മറ്റ് ഭൗതിക തെളിവുകളോ ഇല്ലാതിരുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണം.
യുവതിയുടെ മൊഴി പൂർണമായി അംഗീകരിച്ചാൽ പോലും പരമാവധി അതിക്രമിച്ചുകയറലും കയ്യേറ്റവുമാണെന്ന് മാത്രമേ പറയാനാകൂവെന്നും, ഇത് ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ബേഗുസരായി ട്രയൽ കോടതി പ്രതിക്ക് നൽകിയ നാല് വർഷത്തെ തടവ് ശിക്ഷയാണ് ഹൈക്കോടതി ഇളവ് ചെയ്തത്.
എങ്കിലും, സ്ത്രീയുടെ മാന്യതയ്ക്ക് ഭംഗം വരുത്തിയ കുറ്റത്തിന് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, 25,000 രൂപ പിഴയൊടുക്കാൻ ഉത്തരവിട്ടു. ഈ തുക മൂന്ന് ആഴ്ചയ്ക്കകം പരാതിക്കാരിയായ സ്ത്രീക്ക് നൽകണമെന്നും കോടതി നിർദേശിച്ചു. സുപ്രീം കോടതിയുടെ മുൻകാല വിധികളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഈ വിധി പുറപ്പെടുവിച്ചത്.









0 comments