print edition വനിതാസംവരണത്തിന്റെ മറവിൽ ‘പാർലമെന്ററി റൗഡിസം’: എം എ ബേബി


സ്വന്തം ലേഖകൻ
Published on Apr 15, 2026, 12:00 AM | 1 min read
ന്യൂഡൽഹി: വനിതാസംവരണത്തിന്റെ മറവിൽ ‘പാർലമെന്ററി റൗഡിസ’മാണ് പ്രധാനമന്ത്രിയും കൂട്ടരും നടപ്പാക്കാൻ നോക്കുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. നിയമസഭ തെരഞ്ഞെടുപ്പുകളുടെ നടുക്കുവെച്ച് ആരോടും കൂടിആലോചിക്കാതെ ബില്ലുകൾ കൊണ്ടുവരുന്നു. പാർലമെന്ററി ജനാധിപത്യത്തിന്റെ ‘എബിസിഡി’ അറിയുന്ന ഒരാളും ഇതുപോലെയുള്ള റൗഡിസം കാണിക്കില്ല. എന്നിട്ട്, ഇടതുപക്ഷവും പ്രതിപക്ഷവും വനിതാസംവരണത്തെ എതിർക്കുന്നുവെന്ന തെറ്റിദ്ധാരണ പടർത്താൻ നോക്കുകയാണ്.
വനിതാസംവരണ നിയമം പാസാക്കിയത് 2023 സെപ്‌തംബറിലാണ്. പുതിയ സെൻസസും അതിന്റെ അടിസ്ഥാനത്തിലുള്ള മണ്ഡലപുനർനിർണയത്തിനും ശേഷമാണ് വനിതാസംവരണം നടപ്പാക്കുകയെന്നാണ് അന്ന് പറഞ്ഞത്. ഇൗ നിലപാടിലൂടെ വനിതാസംവരണം അനന്തമായി നീട്ടിക്കൊണ്ടുപോകാനാണ് സർക്കാരിന്റെ ശ്രമമെന്ന വിമർശം ഉയർന്നു. 2023 സെപ്‌തംബറിൽ തന്നെ സിപിഐ എം പാർലമെന്റിന്റെ ഇരുസഭകളിലും വനിതാസംവരണം 2024 തെരഞ്ഞെടുപ്പിൽ തന്നെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതാണ്.
എന്നാൽ, അതിന് മോദിസർക്കാർ തയ്യാറായില്ല. ഇപ്പോൾ തോന്നിയതുപോലെ ബില്ലുകൾ കൊണ്ടുവരാൻ നോക്കുകയാണ്. പാർലമെന്റിനെ റബർസ്‌റ്റാന്പാക്കി മാറ്റാനാണ് മോദി നോക്കുന്നത്. പ്രതിപക്ഷത്തെ കൂടി ബോധ്യപ്പെടുത്തി അവർക്കുകൂടി സ്വീകാര്യമായ രീതിയിലാണ് അത് നടപ്പാക്കേണ്ടത്. അതല്ലാതെ, വനിതാസംവരണത്തെ എതിർക്കുന്നവരാണ് പ്രതിപക്ഷമെന്ന തെറ്റിദ്ധാരണയുണ്ടാക്കി ജനങ്ങളെ പ്രതിപക്ഷത്തിന് എതിരെ തിരിക്കാനുള്ള നീക്കം വിലപോകില്ലെന്നും ബേബി പറഞ്ഞു.










0 comments