ജയിലിൽ കഴിയുന്ന വാങ്ചുകിന്റെ സ്ഥാപനം മാതൃകാപരമെന്ന് പാർലമെന്റ് സമിതി

ന്യൂഡൽഹി: ലഡാക്ക് പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ കുരുക്കി ദേശസുരക്ഷാ നിയമപ്രകാരം തടവിലാക്കിയ കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ സ്ഥാപനത്തിന് പാർലമെന്റ് സമിതിയുടെ പ്രശംസ.
വാങ്ചുക്കിന്റെ ദ് ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൾട്ടർനേറ്റീവ്‌സിന് (എച്ച്‌ഐഎഎൽ) യുജിസിയുടെ അംഗീകാരം നൽകണമെന്നും പാർലമെന്റ് സമിതി റിപ്പോർട് ശുപാർശചെയ്തു. എച്ച്‌ഐഎഎലിന്റെ പ്രവർത്തനമാതൃക കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം ആഴത്തിൽ പഠിക്കണമെന്നും ആവശ്യപ്പെടുന്നു. ഈ മാതൃകാ പ്രവർത്തനം മറ്റ് സ്ഥലങ്ങളിലും നടപ്പാക്കുന്നത് പരിഗണിക്കണമെന്ന നിർദ്ദേശവും മുന്നോട്ട് വെച്ചു.
കോൺഗ്രസ് എംപി ദിഗ്‌വിജയ് സിങ് അധ്യക്ഷനായ സമിതി പഠനത്തിന്റെ ഭാഗമായി വാങ്ചുക്കിന്റെ സ്ഥാപനത്തിൽ സന്ദർശനം നടത്തിയിരുന്നു. 2020-ലെ ദേശീയവിദ്യാഭ്യാസനയം നടപ്പാക്കുന്നതിൽ എച്ച്‌ഐഎഎൽ പ്രകടനം പ്രത്യേകം പരാമർശിച്ചു. കഴിഞ്ഞ ആഴ്ച പാർലമെന്റ് മുമ്പാകെ വെച്ച സമിതി റിപ്പോർടിൽ മികവുകൾ എടുത്തു പറയുകയും ചെയ്തു.
ലഡാക്ക് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 26-നാണ് വാങ്ചുക്ക് അറസ്റ്റിലായത്. ഇപ്പോൾ ജോധ്പുർ ജയിലിൽ അടച്ചിരിക്കയാണ്. പ്രക്ഷോഭത്തിൽ നാലുപേർ കൊല്ലപ്പെടുകയും 90 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വാങ്ചുക്കിന്റെ മോചനം ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ആങ്‌മോ നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
അറസ്റ്റിന് പിന്നാലെ വാങ്ചുക്കിന്റെ സർക്കാരിതര സംഘടനയായ സ്റ്റുഡന്റ്സ് എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്‌മെന്റ് ഓഫ് ലഡാക്കിന്റെ വിദേശ സംഭാവന നിയന്ത്രണ നിയമ ലൈസൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സിനായി ലേയിലെ ഫ്യാങ് ഗ്രാമത്തിൽ സ്ഥലം അനുവദിച്ചതും റദ്ദാക്കി.










0 comments