print edition ഒടുവിൽ എത്തി, വാ തുറന്നില്ല

ന്യൂഡൽഹി: ജന്തർമന്തറിലെ വിദ്യാർഥി വേട്ട, രാമക്ഷേത്രത്തിലെ കാണിക്കക്കൊള്ള തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെ പൂർണപ്രതിരോധത്തിലാക്കിയ പ്രതിപക്ഷ പ്രക്ഷോഭങ്ങളിൽ മുങ്ങി പാർലമെന്റ് വർഷകാല സമ്മേളനം സമാപിച്ചു. സമ്മേളനത്തിന്റെ അവസാനദിനമായ വ്യാഴാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്‌സഭയിൽ എത്തിയെങ്കിലും ഒരക്ഷരം ഉരിയാടാതെ ‘വന്ദേമാതരം’ ആലപിച്ച് മടങ്ങി.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നിർണായക ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ ഒളിച്ചോടിയെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. രാജ്യസഭയിൽ സമ്മേളനം അവസാനിക്കും മുന്പ് വന്ദേമാതരം ആലപിച്ചു. സഭാനടപടികൾക്ക് ശേഷം ലോക്‌സഭ സ്‌പീക്കർ സംഘടിപ്പിച്ച പതിവ് ചായസൽക്കാരം പ്രതിപക്ഷ എംപിമാർ ബഹിഷ്‌കരിച്ചു. രാജ്യസഭാധ്യക്ഷൻ സംഘടിപ്പിച്ച ചായസത്കാരത്തിൽ ഖാർഗെയും സോണിയഗാന്ധിയും പങ്കെടുത്തു.
വ്യാഴാഴ്‌ച ലോക്‌സഭ ചേർന്നയുടൻ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സഭയിലെത്തിയപ്പോൾ ‘മാപ്പ് പറയൂ... മാപ്പ് പറയൂ’, ‘കുട്ടികളെ തല്ലിച്ചതച്ചതാര്?’തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രതിപക്ഷാംഗങ്ങൾ മുഴക്കി. ഇതിനുശേഷം ‘വന്ദേമാതരം’ പൂർണരൂപം ആലപിച്ചു. തുടർന്ന്, സഭ അനിശ്‌ചിതകാലത്തേക്ക് പിരിയുകയാണെന്ന് സ്‌പീക്കർ ഓംബിർള അറിയിച്ചു. സഭാസമ്മേളനത്തിന്റെ മൊത്തം പ്രകടനം വിലയിരുത്തിയുള്ള പതിവുപ്രസംഗം സ്‌പീക്കർ ഒഴിവാക്കി.
രാജ്യസഭ ചേർന്നയുടൻ പ്രതിപക്ഷം മുദ്രാവാക്യങ്ങളുമായി രംഗത്തിറങ്ങി. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ തന്റെ റാലിക്ക് ശേഷം മൈതാനത്ത് ‘ശുദ്ധീകരണ ചടങ്ങ്’ നടത്തിയ വിഷയം പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ സഭയിൽ ഉന്നയിച്ചു. ‘ഹൽദ്വാനി രാംലീല മൈതാനിയിൽ ഞാൻ പങ്കെടുത്ത റാലിക്ക് ശേഷം ബിജെപി ആ വേദിയിൽ ശുദ്ധീകരണം നടത്തി.
ഇതാണോ ജനാധിപത്യം? ഇങ്ങനെയാണോ നിങ്ങൾ ഭരണഘടനയെ സംരക്ഷിക്കുന്നത്? ഞാൻ ഇൗ രാജ്യത്തെ പ്രതിപക്ഷ നേതാവാണ് ’–ഖാർഗെ പറഞ്ഞു. ഖാർഗെയുടെ അനുഭവം ദുഃഖകരമാണെന്ന് ബിജെപി രാജ്യസഭാ കക്ഷി നേതാവ് ജെ പി നദ്ദ പ്രതികരിച്ചു. ഇൗ മാസം എട്ടിനാണ് ഹൽദ്വാനിയിൽ ഖാർഗെ പങ്കെടുത്ത റാലി നടന്നത്. രണ്ട് ദിവസത്തിനുശേഷം ശ്രീരാം സേന ധർമാർഥ് സേവാന്യാസ് എന്ന സംഘടനയാണ് ‘ശുദ്ധീകരണം’ നടത്തിയത്.
സഭയിൽ ആധിപത്യം നഷ്‌ടമായി ബിജെപി
ന്യൂഡൽഹി: വിദ്യാർഥിവേട്ടയിൽ പ്രതികരിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പിടിവാശി ഒന്നുകൊണ്ടുമാത്രം പാർലമെന്റിന്റെ വർഷകാല സമ്മേളനം പൂർണമായും അലങ്കോലമായി. ജൂലൈ 20ന് തുടങ്ങി വ്യാഴാഴ്‌ച സമാപിച്ച സമ്മേളനത്തിൽ പ്രധാനപ്പെട്ട ഒറ്റ വിഷയത്തിലും ചർച്ചയുണ്ടായില്ല.
സമ്മേളനം തുടങ്ങിയ ദിവസമായിരുന്നു ജന്തർമന്തറിലെ വിദ്യാർഥി വേട്ട. പാർലമെന്റ് കവാടം വരെയെത്തിയ വിദ്യാർഥികളെയും യുവജനങ്ങളെയും പൊലീസും കേന്ദ്രസേനയും ക്രൂരമായാണ് വേട്ടയാടിയത്. ഗുരുതരമായി പരിക്കേറ്റ ഒരു പെൺകുട്ടി ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്നു.
പ്രതിപക്ഷ പാർടികൾ വിഷയം ഇരുസഭകളിലും ഉന്നയിച്ചു. ഡൽഹി പൊലീസിന്റെയും കേന്ദ്രസേനയുടെയും ചുമതലയുള്ള ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിലെത്തി വിശദീകരണം നൽകണമെന്ന ന്യായമായ ആവശ്യവും മുന്നോട്ടുവച്ചു. എന്നാൽ മോദിയും ഷായും വഴങ്ങിയില്ല.
അടിച്ചമർത്തലിനെതിരായി ജനവികാരം ശക്തിപ്പെട്ടതോടെ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ മോദിക്ക് കൈവിടേണ്ടിവന്നു. ആർഎസ്‌എസിന്റെ വിശ്വസ്‌തനായ പ്രധാനെ രാജിവെപ്പിച്ചതോടെ സംഘപരിവാറിനുള്ളിലും മോദി–ഷാ കൂട്ടുകെട്ടിനെതിരായ വിമർശമുയർന്നു. പ്രക്ഷോഭം കൈകാര്യം ചെയ്യുന്നതിൽ ആഭ്യന്തര മന്ത്രി പരാജയപ്പെട്ടെന്ന വിലയിരുത്തലുമുണ്ടായി.
സഭയിലെത്തി പ്രസ്‌താവന നടത്തണമെന്ന പ്രതിപക്ഷത്തിന്റെ വികാരം അമിത് ഷായെ അറിയിക്കാൻ പാർലമെന്ററികാര്യ മന്ത്രിയോട് രാജ്യസഭാധ്യക്ഷൻ നിർദേശിച്ചു. തുടർന്ന് സമ്മേളനം അവസാനിക്കുന്നതിന് തലേന്ന് സഭയിൽ എത്താമെന്ന് ഷാ പ്രഖ്യാപിച്ചു.
ചർച്ചയ്‌ക്ക് ശേഷം സഭയിലെത്തി തനിക്ക് പറയാനുള്ളത് പറഞ്ഞ് മടങ്ങാനാണ് ഷായുടെ നീക്കമെന്ന് ബോധ്യപ്പെട്ടതോടെ പ്രതിപക്ഷം പ്രതിഷേധം തുടർന്നു. ബംഗാളിൽ ഭരണം പിടിച്ചും പ്രതിപക്ഷ പാർടികളെ പിളർത്തിയും നേടിയ മുൻതൂക്കം ബിജെപിക്ക് പാർലമെന്റ് വർഷകാല സമ്മേളനത്തിൽ നഷ്‌ടമായി. പ്രതിപക്ഷം ഒറ്റക്കെട്ടായി നിലയുറപ്പിച്ചതോടെ എഫ്‌സിആർഎ ബിൽ പാസാക്കാനുള്ള ശ്രമവും മണ്ഡല പുനർനിർണയം ലക്ഷ്യമിട്ടുള്ള ഭരണഘടനാ ഭേദഗതി നീക്കവും പാളി.










0 comments