ad
Deshabhimani

print edition പ്രതിഷേധച്ചൂടിൽ പാർലമെന്റ്‌: പ്രതിപക്ഷം സഭ സ്‌തംഭിപ്പിച്ചു

special parliament session
വെബ് ഡെസ്ക്

Published on Jul 22, 2026, 12:02 AM | 1 min read

ന്യൂഡൽഹി: ​നീറ്റ്‌ ചോദ്യചോർച്ചയിൽ വിശദ ചർച്ച ആവശ്യപ്പെട്ട്‌ ഇരുസഭകളും പ്രതിപക്ഷം തുടർച്ചയായി സ്‌തംഭിപ്പിച്ചതോടെ പാർലമെന്റിന്റെ വർഷകാലസമ്മേളനത്തിന്റെ രണ്ടാം ദിവസവും കാര്യമായ നടപടികളിലേക്ക്‌ കടക്കാതെ പിരിഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ ജന്തർമ ന്തറിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്കെതിരായ പൊലീസ്‌ വേട്ടയിൽ ഇരുസഭകളിലും പ്രതിഷേധം കനത്തു. ചൊവ്വാഴ്‌ച്ച സഭ ചേരുന്നതിന്‌ മുന്പ്‌ പ്രതിപക്ഷം സ്‌പീക്കർ ഓം ബിർളയോട്‌ പൊലീസ്‌ അതിക്രമം ചർച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടു. അതിക്രമങ്ങൾക്ക്‌ ആഭ്യന്തരമന്ത്രി അമിത്‌ ഷാ മറുപടി പറയണമെന്ന ആവശ്യമാണ്‌ പ്രതിപക്ഷം ഒറ്റക്കെട്ടായി ഉന്നയിച്ചത്‌. ഇ‍ൗ ആവശ്യമുന്നയിച്ച്‌ പാർലമെന്റിന്‌ പുറത്തും എംപിമാർ പ്രതിഷേധിച്ചു.


അതേസമയം, നീറ്റ്‌ ചോദ്യചോർച്ചയിൽ കർശനനടപടിയുണ്ടാകുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയിട്ടുണ്ടെന്ന്‌ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അവകാശപ്പെട്ടു. ‘ഉത്തരവാദികൾ ഒരുകാരണവശാലും രക്ഷപ്പെടില്ലെന്ന്‌ പ്രധാനമന്ത്രി നിലപാട്‌ വ്യക്തമാക്കിയിട്ടുണ്ട്‌. കുട്ടികളുടെ ഭാവി സംരക്ഷിക്കാൻ അതിവേഗം പുനഃപരീക്ഷ വിജയകരമായി സംഘടിപ്പിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സംവിധാനം കുറ്റമറ്റതാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്‌’– റിജിജു പറഞ്ഞു. പാർലമെന്റ്‌ ചേരുന്നതിന്‌ മുന്പ്‌ ഇന്ത്യാകൂട്ടായ്‌മ നേതാക്കൾ യോഗം ചേർന്ന്‌ ഭാവി പ്രക്ഷോഭപരിപാടികൾ ചർച്ച ചെയ്‌തു. പ്രധാനമന്ത്രി എൻഡിഎ പാർലമെന്ററി പാർടി യോഗത്തെ അഭിസംബോധന ചെയ്‌തു. വർഷകാല സമ്മേളനത്തിന്റെ ആദ്യദിനവും പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന്‌ പ്രക്ഷുബ്‌ധമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home