പാർലമെന്റ് ബജറ്റ്‌സമ്മേളനം രണ്ടാംഘട്ടം ഇന്ന് തുടങ്ങും

ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനം രണ്ടാംഘട്ടം തിങ്കളാഴ്‌ച്ച ആരംഭിക്കും. ലോക്‌സഭാ സ്‌പീക്കർ ഓംബിർളയ്‌ക്ക് എതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം ആദ്യദിനം തന്നെ ചർച്ചയ്‌ക്ക് എടുത്തേക്കും. 118 എംപിമാർ ഒപ്പിട്ട പ്രമേയം ചർച്ചയ്ക്ക് എടുക്കുമ്പോൾ ഓംബിർള സഭാനടപടികൾ നിയന്ത്രിക്കില്ല. ഭരണപക്ഷത്തെ അംഗങ്ങൾക്കൊപ്പം അദ്ദേഹം ഇരിക്കും. ഡെപ്യൂട്ടി സ്‌പീക്കറുടെ അഭാവത്തിൽ മുതിർന്ന അംഗങ്ങൾ സഭാനടപടികൾ നിയന്ത്രിക്കും.
സ്‌പീക്കർ ഭരണപക്ഷത്തിന് അനുകൂലമായി ഏകപക്ഷീയ ഇടപെടലുകൾ നടത്തുന്നുവെന്നും മൊത്തം സഭയുടെയും വിശ്വാസ്യത ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടെന്നും പ്രതിപക്ഷ പ്രമേയത്തിൽ പറയുന്നു. ഞായറാഴ്‌ച്ച രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ പ്രതിപക്ഷം യോഗം ചേർന്നു. ബജറ്റ് സമ്മേളനം രണ്ടാംഘട്ടത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾക്ക് യോഗം രൂപം കൊടുത്തു. ബജറ്റ് സമ്മേളനത്തിന്റെ ഒന്നാംഘട്ടത്തിൽ വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി ഇരുസഭകളും സ്‌തംഭിച്ചിരുന്നു. പാർലമെന്റിന് പുറത്തും പ്രതിപക്ഷം വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.
ഫെബ്രുവരി 28 ന് ആരംഭിച്ച പശ്ചിമേഷ്യയിലെ അതിരൂക്ഷമാകുന്ന പ്രതിസന്ധിയെക്കുറിച്ച് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പാർലമെന്റിനെ അറിയിക്കും. ബജറ്റ് സമ്മേളനം ഏപ്രിൽ 2 വരെ നീണ്ടുനിൽക്കും.










0 comments