ad
Deshabhimani

ജമ്മു കശ്മീരിൽ വീണ്ടും പാക് പ്രകോപനം; അതിർത്തി കടന്നെത്തിയ ഡ്രോണുകൾക്ക് നേരെ സൈന്യം വെടിയുതിർത്തു

Drone Pakistan.jpg
വെബ് ഡെസ്ക്

Published on Jan 16, 2026, 12:35 PM | 1 min read

ശ്രീനഗർ: ജമ്മു കശ്മീരിലെ രാജ്യാന്തര അതിർത്തിയിലും നിയന്ത്രണരേഖയിലും വീണ്ടും പാക് ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തി. നാല് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് പാകിസ്ഥാൻ്റെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള പ്രകോപനം ഉണ്ടാകുന്നത്.


പൂഞ്ച്, സാമ്പ സെക്ടറുകളിൽ അതിർത്തി ലംഘിച്ചെത്തിയ ഡ്രോണുകൾക്ക് നേരെ ഇന്ത്യൻ സൈന്യം വെടിയുതിർത്തു. വ്യാഴാഴ്ച രാത്രിയോടെയാണ് പൂഞ്ച് ജില്ലയിലെ ദിഗ്‌വാർ മേഖലയിലും സാമ്പയിലെ രാംഗഡ് സെക്ടറിലും ഡ്രോണുകൾ കണ്ടെത്തിയത്.


ഇന്ത്യൻ വ്യോമാതിർത്തിക്കുള്ളിൽ മിനിറ്റുകളോളം വട്ടമിട്ടു പറന്ന ഡ്രോണുകളെ വെടിവെച്ചിടാൻ സൈന്യം ആന്റി-ഡ്രോൺ സംവിധാനങ്ങൾ സജീവമാക്കി. സൈന്യം വെടിയുതിർത്തതോടെ ഡ്രോണുകൾ പാക് മേഖലയിലേക്ക് തന്നെ തിരിച്ചുപോയി.


കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 15-ലധികം ഡ്രോണുകൾ ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിച്ചതായി സൈനിക വൃത്തങ്ങൾ വെളിപ്പെടുത്തി. രാജൗരി, പൂഞ്ച്, സാമ്പ ജില്ലകളിലെ വിവിധ മേഖലകളിലാണ് ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്.


ഡ്രോണുകൾ വഴി ആയുധങ്ങളോ ലഹരിമരുന്നോ അതിർത്തിയിൽ നിക്ഷേപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സൈന്യവും ബിഎസ്എഫും സംയുക്തമായി അതിർത്തി മേഖലകളിൽ വ്യാപക തിരച്ചിൽ ആരംഭിച്ചു.


പാക് പ്രകോപനം തുടരുകയാണെങ്കിൽ കനത്ത തിരിച്ചടി നൽകുമെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി കർശന മുന്നറിയിപ്പ് നൽകി. അതിർത്തി കടന്നുള്ള ഭീകരവാദ നീക്കങ്ങളെയും ഡ്രോൺ കടന്നുകയറ്റത്തെയും സൈന്യം ഗൗരവത്തോടെയാണ് കാണുന്നത്.


'ഓപ്പറേഷൻ സിന്ദൂർ' ഉൾപ്പെടെയുള്ള ശക്തമായ നടപടികൾക്ക് ശേഷവും പാകിസ്ഥാൻ പ്രകോപനം തുടരുന്ന പശ്ചാത്തലത്തിൽ അതിർത്തിയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം ചേർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home