ad
Deshabhimani

print edition തോൾശീലൈ പോരാട്ടനാട്ടിൽ; വർഗീയതയ്‌ക്കെതിരെ തോളോടു തോൾ ചേർന്ന്

tholsheelai

പത്മനാഭപുരം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ആർ ചെല്ലസ്വാമി സ്വീകരണ കേന്ദ്രത്തിൽ എത്തിയപ്പോൾ

avatar
എസ് കിരൺബാബു

Published on Apr 19, 2026, 12:30 AM | 1 min read

കന്യാകുമാരി: സ്‌ത്രീമുന്നേറ്റ ചരിത്രത്തിൽ ജ്വലിക്കുന്ന അധ്യായമായ തോൾശീലൈ പോരാട്ട(മാറുമറയ്ക്കൽ സമരം )ത്തിന്റെ നാടാണ് കന്യാകുമാരി ജില്ലയിലെ പത്മനാഭപുരം. നിരവധി രാഷ്‌ട്രീയ, മനുഷ്യാവകാശ പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന ഈ നാടുമായി സിപിഐ എം ആഴത്തിൽ ഇഴചേർന്ന് കിടക്കുന്നു. തോട്ടം തൊഴിലാളികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ എന്നിവർക്കായി നിരന്തരം പോരാടിയും വർഗീയതയെ ചെറുത്തുതോൽപ്പിച്ചുമാണ് ഇടതുപക്ഷം മുന്നേറിയത്.


1970കളിൽ കന്യാകുമാരിയിലെ റബർ എസ്റ്റേറ്റ് തൊഴിലാളികൾക്കായി പോരാടി വേതനവും ഭൂമിയും ഉറപ്പാക്കിയതും സിപിഐ എമ്മിന്റെ നേതൃത്വത്തിലാണ്. പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന പത്മനാഭപുരം മണ്ഡലത്തിന് കേരളവുമായുള്ളത്‌ വിട്ടുപിരിയാനാവാത്ത ഹൃദയബന്ധം. കേരളത്തോട് തൊട്ടുരുമ്മിക്കിടക്കുന്ന പത്മനാഭപുരത്ത് സിപിഐ എം കന്യാകുമാരി ജില്ലാ സെക്രട്ടറി ആർ ചെല്ലസ്വാമിയാണ് മതനിരപേക്ഷ പുരോഗമന സഖ്യത്തിന്റെ സ്ഥാനാർഥി. ബിജെപിയുടെ വർഗീയതയ്‌ക്കെതിരെ സിപിഐ എമ്മും ഡിഎംകെയും തോളോടുതോൾ ചേർന്ന് പോരാടുകയാണിവിടെ. ബിജെപി നേതാവ് പി രമേഷാണ് എഐഎഡിഎംകെ– ബിജെപി സഖ്യത്തിൽ മത്സരിക്കുന്നത്.


തമിഴ്നാട്ടിൽ തുടർഭരണമുണ്ടാകുമെന്നും എല്ലായിടത്തുനിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും ചെല്ലസ്വാമി പറഞ്ഞു. മലയോര, തീരദേശ ജനങ്ങൾ മുതൽ ചെറുപ്പക്കാർ വരെ ആവേശത്തോടെയാണ് ചെല്ലസ്വാമിയെ സ്വീകരിക്കുന്നത്. മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി വികസനത്തുടർച്ചയ്‌ക്കാണ്‌ മതനിരപേക്ഷ പുരോഗമന സഖ്യം വോട്ടുതേടുന്നത്. കേന്ദ്ര സർക്കാരിന്റെ അമിതാധികാര പ്രയോഗങ്ങൾക്കും ബിജെപിയുടെ വർഗീയ പ്രചാരണങ്ങൾക്കെതിരെയും വോട്ടർമാർക്കിടയിൽ കടുത്ത പ്രതിഷേധമുണ്ട്.


2016 മുതൽ പത്മനാഭപുരത്ത് ഡിഎംകെയ്‌ക്കാണ് വിജയം. മന്ത്രിയായ മനോ തങ്കരാജ് ആണ് നിലവിൽ എംഎൽഎ. 1989-ൽ പത്മനാഭപുരത്തുനിന്നും സിപിഐ എമ്മിലെ എസ് നൂർമുഹമ്മദ് വിജയിച്ചിരുന്നു. 2007-ൽ നടന്ന മണ്ഡല പുനർനിർണയത്തിലൂടെ തിരുവട്ടാർ നിയമസഭാ മണ്ഡലത്തെ പത്മനാഭപുരത്തിൽ കൂട്ടിച്ചേർത്തു. സിപിഐ എമ്മിന് ശക്തമായ സ്വാധീനമുള്ള തിരുവട്ടാറിൽനിന്ന്‌ സിപിഐ എമ്മിലെ ജെ ഹേമചന്ദ്രൻ നാല് തവണ വിജയിച്ചിട്ടുണ്ട്. 2006ൽ സിപിഐ എം നേതാവ് ആർ ലീമാറോസും വൻഭൂരിപക്ഷത്തിലാണ് വിജയിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home