പി ഷൺമുഖം സിപിഐ എം തമിഴ്‌നാട് സെക്രട്ടറി

photo credit: X
വില്ലുപുരം > സിപിഐ എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായി പി ഷൺമുഖത്തെ തെരഞ്ഞെടുത്തു. വില്ലുപുരത്ത് വെള്ളി മുതൽ ഞായർ വരെ നടന്ന സമ്മേളനം ഏകകണ്ഠമായാണ് വാച്ചാത്തി സമരനായകനെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 81 അംഗ സംസ്ഥാന കമ്മിറ്റിയെയും 15 അംഗ സംസ്ഥാന സെക്രട്ടറിയറ്റിനെയും തെരഞ്ഞെടുത്തു.
അറുപത്തഞ്ചുകാരനായ പി ഷൺമുഖം പാർടി കേന്ദ്ര കമ്മിറ്റി അംഗമാണ്. തിരുച്ചി ലാൽഗുഡി പെരുവളാനല്ലൂർ സ്വദേശിയായ ഇദ്ദേഹം 1979ൽ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഭാഗമായി. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 2020 മുതൽ കർഷകസംഘം സംസ്ഥാന പ്രസിഡന്റാണ്. 1992ൽ തമിഴ്‌നാട് ട്രൈബൽ അസോസിയേഷൻ സ്ഥാപിക്കപ്പെട്ടപ്പോൾ പ്രഥമ ജനറൽ സെക്രട്ടറിയായിരുന്നു. ഇതേവർഷം ധർമ്മപുരി വാച്ചാത്തി ഗ്രാമത്തിലെ 18 പെൺകുട്ടികളെയും സ്ത്രീകളെയും പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത വിവരമറിഞ്ഞ് പുറത്തുനിന്ന് ആദ്യമെത്തിയ വ്യക്തിയും രാഷ്ട്രീയ നേതാവുമാണ് ഷൺമുഖം. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ 2006ൽ അന്ന് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിനെ സന്ദർശിച്ച ശേഷമാണ് വനാവകാശ നിയമം പാസ്സായത്.
സമ്മേളനത്തിൽ പൊളിറ്റ്‌ബ്യൂറോ അംഗവും പാർടി കോ– ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ട്, പൊളിറ്റ്‌ബ്യൂറോ അംഗങ്ങൾ ബൃന്ദ കാരാട്ട്, എം എ ബേബി, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ യു വാസുകി, കെ ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.









0 comments