യുപിയിൽ സൗജന്യമായി വിതരണം ചെയ്യേണ്ട പാഠപുസ്തകങ്ങൾ ആക്രിക്കടയിൽ വിൽക്കാൻ ശ്രമം; പിടികൂടി പൊലീസ്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബഹറൈച്ച് ജില്ലയിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി വിതരണം ചെയ്യേണ്ട പതിമൂവായിരത്തിലധികം പാഠപുസ്തകങ്ങൾ ആക്രിക്കടയിൽ വിറ്റതായി കണ്ടെത്തി.
2026-27 അധ്യയന വർഷത്തേക്ക് വിതരണത്തിനായി എത്തിച്ച 13,595 പാഠപുസ്തകങ്ങളാണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ആക്രിക്കാരന് വിറ്റത്. സമഗ്ര ശിക്ഷാ പദ്ധതിയുടെ ഭാഗമായി അച്ചടിച്ച 10 ടണ്ണിലധികം വരുന്ന പുസ്തകങ്ങളാണ് കടത്താൻ ശ്രമിച്ചത്.
ഫെബ്രുവരി 17-ന് ജില്ലാ മജിസ്‌ട്രേറ്റ് അക്ഷയ് ത്രിപാഠിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പുസ്തകങ്ങൾ കയറ്റിയ ട്രക്ക് പിടികൂടിയത്. ബഹറൈച്ചിൽ നിന്ന് അയൽ ജില്ലയായ ലഖിംപൂരിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ട്രക്ക് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഉത്തരാഖണ്ഡിലെ ഒരു സ്ഥാപനത്തിനാണ് ഈ പുസ്തകങ്ങൾ വിൽക്കാൻ പദ്ധതിയിട്ടിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സർക്കാർ ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും രണ്ട് കരാർ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു.
ആക്രിക്കച്ചവടക്കാരനായ ദിൽഷാദ് അഹമ്മദ്, ട്രക്ക് ഉടമ മുഹമ്മദ് അസ്‌ലം എന്നിവർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്തു. ഒളിവിലുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. പാവപ്പെട്ട കുട്ടികൾക്ക് ലഭിക്കേണ്ട പുസ്തകങ്ങൾ ഇത്തരത്തിൽ മറിച്ചുവിറ്റതിനെതിരെ സംസ്ഥാനത്ത് വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.











0 comments