ഒഡീഷയിൽ സർക്കാർ റസിഡൻഷ്യൽ സ്കൂളിൽ ഭക്ഷ്യവിഷബാധ; ഒരു മരണം, നൂറിലധികം വിദ്യാർഥികൾ ചികിത്സയിൽ

പ്രതീകാത്മകചിത്രം
ഭുവനേശ്വർ : ഒഡീഷയിൽ സർക്കാർ ഉടമസ്ഥതയിലുള്ള റസിഡൻഷ്യൽ സ്കൂളിൽ ഭക്ഷണം കഴിച്ചതിനുപിന്നാലെ നൂറിലധികം വിദ്യാർഥികൾ അസുഖ ബാധിതരായി. ഒരു വിദ്യാർഥി മരിച്ചു. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിൽ സർക്കാർ നടത്തുന്ന ആദിവാസി റസിഡൻഷ്യൽ സ്കൂളിലാണ് സംഭവം. ഭക്ഷണം കഴിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് വിദ്യാർഥികൾ രോഗബാധിതരായത്. അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ചൊവ്വാഴ്ച മരിച്ചത്. ഞായറാഴ്ച രാവിലെ അംഗീകൃത മെനുവിൽ പരാമർശിക്കാത്ത ഭക്ഷണ സാധനങ്ങൾ കഴിച്ചതിനെ തുടർന്ന് കാകബന്ധ ആശ്രമ സ്കൂളിലെ വിദ്യാർഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കുട്ടികൾ 'പഖാല' (പുളിപ്പിച്ച അരി), ഉരുളക്കിഴങ്ങ്, മാമ്പഴ ചട്ണി എന്നിവ കഴിച്ചതായും തുടർന്ന് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതായും വിദ്യാർഥികളുടെ രക്ഷിതാക്കൾ പറഞ്ഞു. നൂറിലധികം വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ഉടൻ തന്നെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. ഇവരിൽ 66 പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. ഇവരെ ബാരിപാഡയിലെ പിഎംആർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ രൂപാലി ബെസ്രയെ നില വഷളായതിനെത്തുടർന്ന് തിങ്കളാഴ്ച ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ചൊവ്വാഴ്ച കുട്ടി മരണപ്പെട്ടതായി മയൂർഭഞ്ച് ജില്ലാ കലക്ടർ ഹേമ കാന്ത സേ പറഞ്ഞു. നിലവിൽ 66 വിദ്യാർഥികൾ മെഡിക്കൽ കോളേജിലും 41 പേർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും ചികിത്സയിലാണ്. പ്രത്യേക മെഡിക്കൽ സംഘത്തെ ആരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ടെന്നും മറ്റൊരു സംഘം സ്കൂളിൽ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും കലക്ടർ പറഞ്ഞു. കൂടുതൽ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും കലക്ടർ വ്യക്തമാക്കി.
മെനുവിൽ പരാമർശിക്കാത്ത ഭക്ഷണം അധികൃതർ കുട്ടികൾക്ക് നൽകിയതായി രക്ഷിതാക്കൾ വ്യക്തമാക്കി. മരിച്ച കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമവാസികൾ റാസ്ഗോവിന്ദ്പൂർ-ജലേശ്വർ റോഡ് ഉപരോധിച്ചു. സ്കൂളിലെ പ്രധാനാധ്യാപകൻ ജയന്ത് കുമാർ പാണിഗ്രാഹിയെ സസ്പെൻഡ് ചെയ്തു. മരിച്ച വിദ്യാർഥിയുടെ കുടുംബത്തിന് സർക്കാർ ഏഴ് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു.










0 comments