ad
Deshabhimani

മുസ്ലിം രക്തത്തിനായി ദാഹിക്കുന്ന ബിജെപി; പരസ്യമായ വംശഹത്യാ ആഹ്വാനവുമായി ഹിമന്ത ബിശ്വ ശർമ

himanta point blank
വെബ് ഡെസ്ക്

Published on Feb 08, 2026, 06:44 PM | 1 min read

ഗുവാഹത്തി: മുസ്ലിം വംശഹത്യയ്ക്ക് പരസ്യമായി ആഹ്വാനം നൽകുന്ന വീഡിയോ പ്രചരിപ്പിച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം. മുസ്‌ലിം വേഷധാരികളായ രണ്ടുപേരെ മുഖ്യമന്ത്രി തോക്കുപയോഗിച്ച് വെടിവെക്കുന്ന 'പോയിന്റ് ബ്ലാങ്ക് ഷോട്ട്' എന്ന വീഡിയോ ബിജെപി ഔദ്യോഗിക ഹാൻഡിലിലൂടെയാണ് പങ്കുവെച്ചത്. സംഭവം വിവാദമായതോടെ വീഡിയോ പിൻവലിച്ചെങ്കിലും, ഇത് കേവലം ട്രോൾ അല്ലെന്നും ആസൂത്രിതമായ വംശഹത്യാ ആഹ്വാനമാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി.


മുസ്‌ലിം വിരുദ്ധത മുഖമുദ്രയാക്കിയ ഹിമന്ത ബിശ്വ ശർമ്മയുടെ മുൻകാല പ്രസ്താവനകളുടെ തുടർച്ചയായാണ് ഈ വീഡിയോയെ രാജ്യം കാണുന്നത്. അസമിലെ മിയാ മുസ്‌ലിങ്ങളെ ബുദ്ധിമുട്ടിക്കലാണ് തന്റെ ജോലിയെന്നും അവരെ സമ്മർദ്ദത്തിലാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് മുസ്‌ലിം വോട്ടർമാരെ ഒഴിവാക്കുമെന്നും നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് അവർക്കായി ചില കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.


'വിദേശി മുക്ത അസം', 'എന്തുകൊണ്ട് പാകിസ്താനിൽ പോകുന്നില്ല?' തുടങ്ങിയ വിദ്വേഷ വരികൾ ഉൾപ്പെടുത്തിയ വീഡിയോയിലൂടെ ഒരു സമുദായത്തെ ഒന്നടങ്കം വേട്ടയാടാനാണ് ബിജെപി നീക്കം. ഭരണഘടനാ തത്വങ്ങളെയും മനുഷ്യാവകാശങ്ങളെയും കാറ്റിൽപ്പറത്തുന്ന ഹിമന്തയ്ക്കെതിരെ ചില സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. രാജ്യത്ത് വിദ്വേഷ കുറ്റകൃത്യങ്ങൾ നിയമവിധേയമാക്കാനുള്ള ബിജെപിയുടെ ഈ പരീക്ഷണത്തിനെതിരെ ജനാധിപത്യ വിശ്വാസികൾക്കിടയിൽ കടുത്ത രോഷമാണ് ഉയരുന്നത്.


ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ ഒരു പ്രത്യേക വിഭാഗത്തെ വെടിവെച്ചു കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സെൻസസ് കണക്കുകൾ ചൂണ്ടിക്കാട്ടി ഭൂരിപക്ഷ സമുദായത്തിന് മേൽ ഭീതി സൃഷ്ടിക്കാനും സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുമാണ് ഹിമന്ത നിരന്തരം ശ്രമിക്കുന്നത്. ഹിമന്തയുടെ ഇത്തരം ഫാസിസ്റ്റ് നടപടികൾക്കെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്നും കടുത്ത നടപടികൾ സ്വീകരിക്കണമെന്നുമാണ് മതേതര കക്ഷികളുടെ ആവശ്യം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ വേട്ട സർക്കാർ നയമായി മാറുന്നതിന്റെ ഒടുവിലത്തെ തെളിവാണ് ഈ വീഡിയോ എന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home