ad
Deshabhimani

print edition ന്യൂസ്‌ക്ലിക്കിനെതിരായ മറ്റ്‌ കേസുകളും റദ്ദാക്കണം: സിപിഐ എം

cpim logo
avatar
സ്വന്തം ലേഖകൻ

Published on Jun 13, 2026, 12:00 AM | 1 min read

ന്യൂഡൽഹി : ന്യൂസ്‌ക്ലിക്കിനും എഡിറ്റർ ഇൻ ചീഫ്‌ പ്രബിർ പുർകായസ്‌തയ്ക്കുമെതിരെ ഡൽഹി പൊലീസിന്റെ സാമ്പത്തികകുറ്റകൃത്യ വിഭാഗവും ഇഡിയും എടുത്ത കേസുകൾ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധി സിപിഐ എം പൊളിറ്റ്‌ബ്യൂറോ സ്വാഗതം ചെയ്‌തു. രാഷ്ട്രീയ പകപോക്കലിനായി സർക്കാർ ഏജൻസികളെ ദുരുപയോഗിക്കുന്നതിനെതിരായ മുന്നറിയിപ്പാണ്‌ വിധി. ഭൂരിഭാഗം മാധ്യമസ്ഥാപനങ്ങളും കോർപ്പറേറ്റ്‌ രാഷ്ട്രീയതാൽപ്പര്യം സംരക്ഷിക്കുമ്പോൾ അധികാരത്തിലുള്ളവരെയും അവരെ പിന്തുണയ്‌ക്കുന്ന കോർപ്പറേറ്റുകളെയും ചോദ്യംചെയ്യുന്ന ന്യൂസ്‌ക്ലിക്ക്‌ പോലുള്ള ബദൽ ശബ്ദങ്ങൾ കടുത്ത ആക്രമണത്തെ നേരിടുകയാണ്‌. ജനകീയ മുന്നേറ്റങ്ങൾ ഭയരഹിതമായി റിപ്പോർട്ട്‌ ചെയ്‌തതിനെ തുടർന്നാണ്‌ കള്ളക്കേസുകളെടുത്തത്‌.


ഒരു വർഷം നീണ്ട കർഷകസമരം വാർത്തകളുടെയും വിശകലനങ്ങളുടെയും വീഡിയോകളുടെയും രൂപത്തിൽ നിരന്തരം റിപ്പോർട്ടുചെയ്‌ത ന്യൂസ്‌ക്ലിക്ക്‌ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്‌ കണ്ണിലെ കരടായി മാറി. ഇതോടെയാണ്‌ ന്യൂസ്‌ക്ലിക്ക്‌ വലിയ വേട്ടയാടലിന്‌ വിധേയമായതും യുഎപിഎ ചുമത്തപ്പെട്ടതും പ്രബിറിനെ ദീർഘനാൾ ജയിലിൽ അടച്ചതും.


വിമർശനാത്‌മക മാധ്യമപ്രവർത്തനത്തെയും വിയോജിപ്പുകളെയും അടിച്ചമർത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കേന്ദ്രഏജൻസികളുടെ നീക്കമെന്ന്‌ തുടക്കത്തിലേ വ്യക്തമായിരുന്നു. അതുകൊണ്ട്‌ ഹൈക്കോടതി വിധി മാധ്യമസ്വാതന്ത്ര്യത്തിന്റെയും പ‍ൗരൻമാരുടെ ജനാധിപത്യ അവകാശങ്ങളുടെയും വിജയമാണ്‌.


ന്യൂസ്‌ക്ലിക്കിനെതിരായ ഇഡി കേസ്‌ നിയമത്തിന്റെ കടുത്ത ദുരുപയോഗമാണെന്ന്‌ ഡൽഹി ഹൈക്കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്‌. ഇ‍ൗ സാഹചര്യത്തിൽ ന്യൂസ്‌ക്ലിക്കിനും പ്രബിറിനുമെതിരായ മറ്റ്‌ കേസുകൾ കൂടി റദ്ദാക്കാൻ കേന്ദ്രസർക്കാരും ഏജൻസികളും തയ്യാറാകണമെന്നും പിബി ആവശ്യപ്പെട്ടു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home