ഭർത്താവിനെയും രണ്ടാം ഭാര്യയേയുമടക്കം നാലുപേരെ വെട്ടിക്കൊന്ന് കാറിലിട്ട് കത്തിച്ചു; ആദ്യഭാര്യയും മക്കളും അറസ്റ്റിൽ

കത്തിക്കരിഞ്ഞ വാഹനം
അജ്മീർ: രണ്ടാം വിവാഹത്തെച്ചൊല്ലിയുള്ള കുടുംബതർക്കത്തെ തുടർന്ന് രാജസ്ഥാനിൽ മുൻ ഗ്രാമമുഖ്യനടക്കം ഒരു കുടുംബത്തിലെ നാലുപേരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. അജ്മീറിലെ മുൻ ഗ്രാമമുഖ്യൻ രാം സിംഗ് ചൗധരി, അമ്മ പൂസി ദേവി, രണ്ടാം ഭാര്യ സൂര്യഗ്യാൻ ദേവി, രാം സിംഗിന്റെ അമ്മായിയുടെ മകൾ മഹിമ ചൗധരി എന്നിവരാണ് കൊല്ലപ്പെട്ടത്. നാടിനെ നടുക്കിയ കൂട്ടക്കൊലയ്ക്ക് പിന്നിൽ രാം സിംഗിന്റെ ആദ്യഭാര്യ സുനിതയും മക്കളുമാണെന്ന് പൊലീസ് കണ്ടെത്തി.
സംഭവത്തിൽ സുനിത, മകൾ സരിത, പ്രായപൂർത്തിയാകാത്ത മകൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ശേഷം ഒന്നുമറിയാത്തതുപോലെ നാട്ടുകാർക്കൊപ്പം ചേർന്ന് നിലവിളിക്കുകയും തളർന്നു വീഴുകയും ചെയ്ത സുനിതയാണ് ക്രൂരമായ ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തത്.
അജ്മീർ നഗരത്തിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള ബോരഡ പൊലീസ് സ്റ്റേഷൻ പരിധിയിലെ ശ്രീരാംപുര ഗ്രാമത്തിലാണ് സംഭവം. ദേശീയപാതയിൽ രാം സിംഗിന്റെ ഉടമസ്ഥതയിലുള്ള സ്കോർപിയോ എസ്‌യുവി കാർ പൂർണ്ണമായും കത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് വാഹനത്തിനുള്ളിലും സമീപത്തുമായി നാല് മൃതദേഹങ്ങൾ പൂർണ്ണമായും കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൂന്ന് മൃതദേഹങ്ങൾ കാറിനുള്ളിലും ഒരു മൃതദേഹം സമീപത്തെ വയലിലുമായിരുന്നു.
വാഹനാപകടമാണെന്ന് വരുത്തിതീർക്കാനായിരുന്നു പ്രതികളുടെ ആസൂത്രിത ശ്രമം. എന്നാൽ ഫോറൻസിക് വിദഗ്ധരും പൊലീസും നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ മൃതദേഹങ്ങളിൽ മാരകമായ വെട്ടേറ്റ മുറിവുകൾ കണ്ടെത്തിയത് സംശയങ്ങൾക്ക് വഴിവെച്ചു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് വീടിനുള്ളിൽ വെച്ച് കൊലപാതകം നടത്തിയ ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹങ്ങൾ കാറിലിട്ട് ദേശീയപാതയിലെത്തിച്ച് തീയിടുകയായിരുന്നെന്ന് വ്യക്തമായത്.
പൊലീസ് സംഭവസ്ഥലത്ത് അന്വേഷണം നടത്തുമ്പോൾ രാം സിംഗിന്റെ ഒന്നാം ഭാര്യയായ സുനിത വീട്ടിൽ നാട്ടുകാരായ സ്ത്രീകളുടെ നടുവിലിരുന്ന് നിലവിളിക്കുകയായിരുന്നു. അമ്മയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രാം സിംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയതായിരുന്നു എന്നാണ് സുനിത പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇവരുടെ പെരുമാറ്റത്തിലും മൊഴികളിലെ വൈരുദ്ധ്യത്തിലും പൊലീസിന് സംശയം തോന്നി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൂട്ടക്കൊലയുടെ ചുരുളഴിയുന്നത്.
രാം സിംഗിന്റെ രണ്ടാം വിവാഹത്തെച്ചൊല്ലി കുടുംബത്തിൽ കാലങ്ങളായി വലിയ രീതിയിലുള്ള തർക്കങ്ങൾ നിലനിന്നിരുന്നു. ഇരുഭാര്യമാരും രാം സിംഗും അമ്മയും ഒരേ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ബുധനാഴ്ച രാത്രി ഇതേച്ചൊല്ലി വീട്ടിൽ വീണ്ടും വലിയ വാക്കുതർക്കമുണ്ടാകുകയും അത് അക്രമത്തിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന് സുനിത തന്റെ മകൾ സരിതയുടെയും പ്രായപൂർത്തിയാകാത്ത മകന്റെയും സഹായത്തോടെ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് നാലുപേരെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.










0 comments