ad
Deshabhimani

പാർലമെന്റ് ഇന്ന്‌ പുകയും

parliament
വെബ് ഡെസ്ക്

Published on Jul 27, 2026, 12:00 AM | 1 min read

ന്യൂഡൽഹി: ​ധർമേന്ദ്ര പ്രധാനെ രാജിവയ്‌പ്പിച്ച്‌ യുവജനപ്രക്ഷോഭം ഒരുവിധത്തിൽ അവസാനിപ്പിച്ചെങ്കിലും തിങ്കളാഴ്‌ച്ച പാർലമെന്റിൽ കേന്ദ്രസർക്കാർ വീണ്ടും വിയർക്കും. ഡൽഹി പൊലീസിന്റെയും കേന്ദ്രസേനകളുടെയും ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ അമിത്‌ ഷാ രാജിവയ്ക്കണമെന്ന ആവശ്യമുന്നയിച്ച്‌ പ്രതിപക്ഷം സഭ വീണ്ടും പ്രക്ഷുബ്‌ധമാക്കും.


പെല്ലറ്റ്‌ തോക്കുകളും ഇലക്‌ട്രിക്ക്‌ ബാറ്റണുകളും ആണികൾ തറച്ച ലാത്തികളും മറ്റ്‌ മാരകായുധങ്ങളും ഉപയോഗിച്ചാണ്‌ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസ്‌ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിച്ചത്‌. നെയിംപ്ലെയിറ്റുകൾ ഉ‍ൗരിവെച്ചും സാധാരണ വേഷം ധരിച്ചും നൂറുകണക്കിന്‌ പൊലീസുകാർ യുവാക്കളെ തല്ലിച്ചതച്ചു. വനിതകളോട്‌ അപമര്യാദയായി പെരുമാറി. ഉന്നതങ്ങളിൽനിന്നുള്ള നിർദേശം ഇല്ലാതെ ഉദ്യോഗസ്ഥർ ഇത്രയും വലിയ അധികാരദുർവിനിയോഗം നടത്തില്ലെന്നും വിലയിരുത്തലുണ്ട്‌.


ഗുരുതര പരിക്കേറ്റ്‌ ആശുപത്രികളിൽ കഴിയുന്ന വിദ്യാർഥികളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിടുന്നില്ല. ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ രാഷ്ട്രീയ പ്രതിനിധികൾക്കോ സന്ദർശനാനുമതി നൽകുന്നില്ല. ആഭ്യന്തരമന്ത്രിയുടെ നിർദേശപ്രകാരമാണ്‌ വിലക്കെന്നാണ്‌ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്‌. ഡൽഹി മുഴുവൻ ആഭ്യന്തരമന്ത്രി ഏറ്റെടുത്ത അവസ്ഥയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കും.


പെല്ലെറ്റുകൾ ഉൾപ്പടെയുള്ള മാരകായുധങ്ങൾ എവിടെനിന്ന്‌ വന്നെന്ന്‌ ആഭ്യന്തരമന്ത്രി വിശദീകരിക്കണം. രാജ്യത്തെ യുവജനങ്ങളോട്‌ പ്രധാനമന്ത്രി പരസ്യമായി മാപ്പുപറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും. ഡൽഹിയിലെ പൊലീസ്‌ അതിക്രമത്തിനുപുറമേ അയോധ്യയിലെ വൻ തട്ടിപ്പുകളും ചർച്ചയാക്കും. തിങ്കളാഴ്‌ച്ച രാവിലെ ചേരുന്ന ഇന്ത്യാകൂട്ടായ്‌മ എംപിമാരുടെ യോഗത്തിൽ ഭാവിപ്രക്ഷോഭ പരിപാടികൾ തീരുമാനിക്കും.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home