print edition അടുത്ത പണി ‘ഫ്രണ്ടി’ന്

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇസ്രയേലിൽ ബെന്യമിൻ നെതന്യാഹുവിനും അമേരിക്കയിൽ ഡോണൾഡ് ട്രംപിനും തിരിച്ചടിയേറ്റതോടെ അടുത്ത ഉൗഴം ഇരുവരുടെയും ഉറ്റസുഹൃത്തായ നരേന്ദ്ര മോദിയുടേതാണെന്ന പ്രചാരണം ശക്തമാക്കി പ്രതിപക്ഷ പാർടികൾ. ട്രംപിന്റെ വിദേശ, ആഭ്യന്തര നയങ്ങളെയാണ് അമേരിക്ക തോൽപ്പിച്ചതെന്ന് സിപിഐ എം രാജ്യസഭ നേതാവ് ജോൺ ബ്രിട്ടാസ് പറഞ്ഞു. ‘മൈ ഫ്രണ്ട്’ ട്രംപിനേറ്റത് തിരിച്ചടിയാണെന്ന് മോദി മനസിലാക്കണം. ശതകോടീശ്വരൻമാരും വിഭജന രാഷ്ട്രീയവും യുഎസിൽ തിരിച്ചടിച്ചു. പലസ്തീൻ വിഷയത്തിൽ മോദി സർക്കാർ പ്രതികരിച്ചില്ല. പകരം അതിനെ പിന്തുണച്ചു. ഇറാനുമേൽ നടത്തിയ ആക്രമണത്തെ അപലപിച്ചില്ല. ഇറാൻ പരമോന്നത നേതാവിനെ വധിച്ചപ്പോഴും ട്രംപിനെ ഭയന്ന് മോദി സർക്കാർ മിണ്ടിയില്ലെന്ന് ബ്രിട്ടാസ് പറഞ്ഞു.
യുഎസ് തെരഞ്ഞൈടുപ്പ് ഫലം മോദിക്കുള്ള സൂചനയാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഇടക്കാല തെരഞ്ഞെടുപ്പിൽ മോദിയുടെ യജമാനന് വൻതിരിച്ചടിയേറ്റെന്ന് തൃണമൂൽ കോൺഗ്രസ് രാജ്യസഭാംഗം സാകേത് ഗോഖലെ പ്രതികരിച്ചു. സെർബിയയിലും ബ്രസീലിലും യുഎസിലുമെല്ലാം ഏകാധിപതികൾക്ക് തിരിച്ചടി കിട്ടുകയാണ്. തെരഞ്ഞെടുപ്പുകൾ സ്വതന്ത്രമായി നടക്കുന്നതുകൊണ്ടാണ് അത് സംഭവിക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ പിടിച്ചെടുക്കാൻ മോദിയും ഷായും ശ്രമിക്കുന്നത്–ഗോഖലെ അഭിപ്രായപ്പെട്ടു.









0 comments