ad
Deshabhimani

print edition അറബിക്കടൽ യുഎസിന് തീറെഴുതി മോദി

modi trump cartoon
വെബ് ഡെസ്ക്

Published on Jun 16, 2026, 12:00 AM | 2 min read

ന്യൂഡൽഹി: മൂന്ന്‌ ഇന്ത്യൻ നാവികരെ കൊലപ്പെടുത്തിയതിന്‌ ശേഷവും ധിക്കാരപരമായ നിലപാട്‌ തുടരുന്ന അമേരിക്കയ്‌ക്ക്‌ മുന്നിൽ മുട്ടുമടക്കി മോദി സർക്കാർ. അമേരിക്കൻ ഉപരോധം മറികടക്കാനുള്ള ഒരു നീക്കവും അംഗീകരിക്കില്ലെന്ന കടുത്ത നിലപാടാണ്‌ വിഷയത്തിൽ സംസാരിച്ച വിദേശ മന്ത്രി ജയ്ശങ്കറിനോട്‌ യുഎസ്‌ വിദേശസെക്രട്ടറി മാർക്കോ റ‍ൂബിയോ സ്വീകരിച്ചത്‌. ഇറാനിൽ നിന്നുള്ള ക്രൂഡോയിൽ നിയമവിരുദ്ധമായി കടത്താനുള്ള ശ്രമമാണ്‌ ഇന്ത്യൻ നാവികർ സഞ്ചരിച്ച കപ്പൽ നടത്തിയതെന്ന കുറ്റപ്പെടുത്തലും റൂബിയോയുടെ ഭാഗത്തുനിന്നുണ്ടായി. അറബിക്കടൽ തങ്ങളുടെ പൂർണ സൈനിക നിയന്ത്രണത്തിലാണെന്ന പ്രഖ്യാപനം കൂടിയാണ്‌ റൂബിയോ നടത്തിയത്‌.


മാർച്ചിൽ ഇന്ത്യൻ സേനയ്‌ക്കൊപ്പം നാവികാഭ്യാസം നടത്തി മടങ്ങിയ ഇറാൻ പടക്കപ്പലിനെ അന്തർവാഹിനി ഉപയോഗിച്ച്‌ അമേരിക്ക മുക്കിയപ്പോഴും ഒരു പ്രതികരണവും മോദി സർക്കാർ നടത്തിയില്ല. കൊല്ലപ്പെട്ട നാവികരുടെ കാര്യത്തിൽ ഖേദപ്രകടനമോ അനുശോചനമോ പ്രകടിപ്പിക്കാൻ ‍ഇതുവരെ അമേരിക്ക കൂട്ടാക്കിയിട്ടില്ല. അറബികടലിൽ ഇന്ത്യക്ക്‌ പൂർണ നിയന്ത്രണാധികാരമുള്ള പ്രത്യേക സാമ്പത്തികമേഖലയ്‌ക്ക്‌ തൊട്ടുപുറത്തായാണ്‌ യുഎസ്‌ സേനയുടെ കടന്നാക്രമണമുണ്ടായത്‌. മറിച്ചായിരുന്നു സംഭവമെങ്കിൽ എന്താകുമായിരുന്നു യുഎസ്‌ പ്രതികരണമെന്ന ചോദ്യവും ഉയരുന്നുണ്ട്‌.


യുഎസുമായി വ്യാപാര കരാറിൽ ഏതുവിധേനയും എത്തുന്നതിനായി എല്ലാ വിട്ടുവീഴ്‌ചയും മോദി സർക്കാർ നടത്തിവരുന്നതിനിടെയാണ്‌ അറബിക്കടലിൽ അമേരിക്കൻ സേനയുടെ അതിക്രമം. യുഎസ്‌ സേനയുടെ ഉപരോധം കാരണം ഇന്ത്യൻ നാവികൻ ഹോർമുസിൽ ചികിത്സ കിട്ടാനാവാതെ മരിക്കാനിടയായ സംഭവത്തിലും കേന്ദ്രസർക്കാർ പ്രതികരിച്ചിരുന്നില്ല. തീവ്രദേശീയത ഉയർത്തുന്ന ആർഎസ്‌എസ്‌ ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകളും ഇക്കാര്യത്തില്‍ മ‍ൗനത്തിലാണ്‌.


നാവികന്റെ കൊലപാതകം
അപലപിച്ച്‌ ഇടതുപക്ഷ പാർടികൾ


​ന്യൂഡൽഹി: ​ഹോർമുസ്‌ കടലിടുക്കിലൂടെ കടന്നുപോകുന്ന ഇന്ത്യൻ നാവികരുള്ള വാണിജ്യകപ്പലുകൾക്ക്‌ നേരെയുള്ള അമേരിക്കൻ കടന്നാക്രമണങ്ങളെ അപലപിച്ച്‌ ഇടതുപക്ഷ പാർടികൾ. മൂന്ന്‌ നാവികർക്കാണ്‌ അമേരിക്കൻ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്‌. മൂന്നാമത്തെ ആക്രമണമാണിത്‌. യുഎൻ ചാർട്ടറിന്റെയും സ്വതന്ത്ര നാവികയാത്രാ തത്ത്വങ്ങളുടെയും ലംഘനമാണിത്‌. ലോകം മുഴുവൻ സ്വന്തം മേൽക്കോയ്‌മ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന തെമ്മാടിയെ പോലെയാണ്‌ അമേരിക്ക പെരുമാറുന്നത്‌. സ്വതന്ത്രമായ വിദേശനയം ഉയർത്തിപ്പിടിക്കുന്ന രാജ്യമെന്ന നിലയിൽ ഇത്തരം സംഭവങ്ങളെ നിശിതമായി വിമർശിക്കേണ്ട ബാധ്യത കേന്ദ്രസർക്കാരിനുണ്ട്‌. എന്നാൽ, ഇ‍ൗ കടമ നിർവഹിക്കാതെ അമേരിക്കയുടെ വാല്യക്കാരനെ പോലെയാണ്‌ മോദിസർക്കാർ നിൽക്കുന്നത്‌. ഖേദപ്രകടനം നടത്താൻ അമേരിക്കയിൽ സമ്മർദം ചെലുത്താൻ കേന്ദ്രസർക്കാരിന്‌ ആർജ്ജവമില്ല.ദുർബലമായ പ്രതികരണം മാത്രമാണ്‌ സർക്കാർ നടത്തിയത്‌.


ഗ്ലോബൽ സ‍ൗത്തിലെ പ്രധാനപ്പെട്ട രാജ്യമെന്ന നിലയിൽ സാമ്രാജ്യത്വ ലക്ഷ്യങ്ങളോടെയുള്ള അമേരിക്കൻ കടന്നാക്രമണങ്ങളെ ശക്തമായി വിമർശിക്കേണ്ട ഉത്തരവാദിത്വം ഇന്ത്യയ്ക്കുണ്ട്‌. കൊല്ലപ്പെട്ട നാവികരുടെ കുടുംബങ്ങൾക്ക്‌ ന്യായമായ നഷ്ടപരിഹാരം സർക്കാർ അടിയന്തരമായി നൽകണം. നാവികരുടെ മരണത്തിന്‌ ഉത്തരവാദികളായവരെ ശിക്ഷിക്കാൻ കേന്ദ്രസർക്കാർ നയതന്ത്രപരമായ വഴികളിലൂടെ ശക്തമായ സമ്മർദ്ദം കേന്ദ്ര സർക്കാർ ചെലുത്തണം. കടന്നാക്രമണങ്ങൾക്ക്‌ എതിരെ രാജ്യത്തെ ജനങ്ങൾ ശക്തമായി പ്രതിഷേധിക്കണമെന്നും സിപിഐ എം,‍ സിപിഐ, സിപിഐ എംഎൽ, ആർഎസ്‌പി, ഫോർവേർഡ്‌ബ്ലോക്ക്‌ പാർടികൾ പ്രസ്‌താവനയിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home