print edition ഡൽഹിയിൽ പ്രക്ഷോഭം പടരുന്നു; തല്ലിയൊതുക്കാനാകില്ല

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ കൂട്ടായ്മ എംപിമാർ ഡൽഹിയിൽ നടത്തിയ പ്രതിഷേധം കേന്ദ്രസേനയും പൊലീസും ചേർന്ന് തടയുന്നു
കെ പി അക്ഷയ്
Published on Oct 08, 2026, 12:51 AM | 2 min read
ന്യൂഡൽഹി : ഭരണഘടനാ അവകാശങ്ങളെ കശാപ്പുചെയ്ത് രാജ്യത്തെ പ്രതിപക്ഷ പ്രതിഷേധം അടിച്ചമർത്താൻ കേന്ദ്രസർക്കാരിന്റെ അമിതാധികാര പ്രയോഗം. ഗ്യാനേഷ്കുമാറിന്റെ രാജിക്കായി തെരുവിലിറങ്ങിയ ഇന്ത്യ കൂട്ടായ്മ എംപിമാരെയും പ്രവർത്തകരെയും പൊലീസ് തല്ലിച്ചതച്ചു. ബുധനാഴ്ച ജന്തർമന്തറിലേക്ക് സമാധാനപരമായി മാർച്ച് ചെയ്ത ജനപ്രതിനിധികളെ നേരിടാൻ 15,000ത്തിലധികം പൊലീസുകാർക്കുപുറമേ 221 കന്പനി കേന്ദ്ര സായുധ സേനാ പൊലീസിനെയും വിന്യസിച്ചു.
സിആർപിഎ-ഫ്, ആർഎഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, -ഐടിബിപി അടക്കമുള്ള സുരക്ഷാസേനകളുടെ അടിച്ചമർത്തൽ നിർഭയം നേരിട്ട് ഡൽഹിയിൽ പ്രക്ഷോഭം പടരുകയാണ്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ജന്തർ മന്തർ ലക്ഷ്യമിട്ട് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നീങ്ങിയ ജനപ്രതിനിധികൾ അടക്കമുള്ള പ്രക്ഷോഭകർക്കു നേരെ ആദ്യംമുതൽ ബലപ്രയോഗത്തിനാണ് ഡൽഹിപൊലീസും കേന്ദ്ര സുരക്ഷാ സേനയും ശ്രമിച്ചത്.
നേതാക്കളെയും പ്രവർത്തകരെയും ബലംപ്രയോഗിച്ച് നീക്കാൻ ശ്രമിച്ചു. പിന്നീട് വലിച്ചിഴച്ച് വാഹനത്തിലേക്ക് എറിയുന്ന അവസ്ഥയുമുണ്ടായി. അശോക റോഡിൽ എംപിമാരെയും പ്രവർത്തകരേയും പൊലീസ് തടഞ്ഞു. നടുറോഡിൽ കുത്തിയിരുന്ന എം പിമാർക്കുനേരെ സുരക്ഷാസേന ലാത്തിവീശി. ഇടതുപക്ഷ എംപിമാരായ ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, എ എ റഹിം, പി സന്തോഷ് കുമാർ എന്നിവർക്ക് നേരെ രണ്ടാംനാളും ക്രൂര ആക്രമണമുണ്ടായി.
എംപിമാരുടെ അറസ്റ്റ് തടഞ്ഞ പ്രവർത്തകരെ ബസിൽനിന്ന് തള്ളി താഴെയിട്ടു. നിരവധിപേരുടെ വസ്ത്രങ്ങൾ കീറി. അറസ്റ്റിനുശേഷം രാഹുൽ ഗാന്ധി, വി ശിവദാസൻ, എ എ റഹിം എന്നിവരെ ബാരക്കംബ പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകൾ തടഞ്ഞുവച്ചു. സ്റ്റേഷനിലും പുറത്തും പ്രതിഷേധം ഉയർന്നതോടെ രാത്രി വൈകി ജനപ്രതിനിധികളെ വിട്ടയച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഒരുക്കിയ ഉച്ചഭക്ഷണത്തിനുശേഷമാണ് ജൻപഥിലെ ഹോട്ടലിൽനിന്ന് പ്രതിപക്ഷ എംപിമാർ മൂന്ന് ബസ്സിലായി ജന്തർമന്തറിലേക്ക് തിരിച്ചത്. ഡൽഹിയിലെ പ്രധാനവഴികൾ പൊലീസ് മണിക്കൂറുകളോളം അടച്ചിട്ടതോടെ യാത്രക്കാർ ദുരിതത്തിലായി.
പ്രതിഷേധം ശക്തമാക്കാനാണ് ഇന്ത്യ കൂട്ടായ്മ തീരുമാനം. എംപിമാരോട് ഡൽഹിയിൽ തുടരാൻ നിർദേശിച്ചു. പ്രതിഷേധങ്ങൾ തടയാൻ മോദി സർക്കാർ ജന്തർമന്തർ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ ഡൽഹിയാകെ ജന്തർമന്തറാകുകയാണ്.
ഒറ്റക്കെട്ടായി വിദ്യാർഥികൾ
ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള സമരത്തിൽ രാജ്യത്തെ യുവതയും വിദ്യാർഥി സംഘടനകളും ജനങ്ങളും ഒറ്റക്കെട്ടെന്ന് എസ്എഫ്ഐ, സിജെപി, എഐഎസ്എഫ്, ഐസ, എഎസ്എപി സംഘടനകൾ. ബിജെപിയും ഇന്ത്യൻ ജനതയും തമ്മിലുള്ള പോരാട്ടമാണിത്. ഇൗ സമരം ഒരുമിച്ച് നയിക്കുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഗ്യാനേഷ് കുമാറിനെതിരെ നിയമ നടപടിയെടുക്കണം, എസ്ഐആർ നിർത്തണം, തെരഞ്ഞെടുപ്പ് കമീഷൻ പരിഷ്കരിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ശനിയാഴ്ച ജന്തർമന്തർ മാർച്ച് നടത്തും. പാർലമെന്റ് പൊലീസ് സ്റ്റേഷനിലെത്തി സിജെപി ദേശീയ സഹ കൺവീനർ സൗരവ് ദാസ് അനുമതി ആവശ്യപ്പെട്ട് അപേക്ഷ നൽകി.
രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ ഗ്യാനേഷ് കുമാർ കൊലപ്പെടുത്തുകയാണെന്ന് എസ്എഫ്ഐ പ്രസിഡന്റ് ആദർശ് എം സജി പറഞ്ഞു. മോദിസർക്കാരിന്റെ ഏകാധിപത്യത്തിനെതിരെ ഒരുമിച്ച് പോരാടും. ഏകാധിപത്യവും ജനാധിപത്യവും തമ്മിലുള്ള പോരാട്ടത്തിൽ ജനാധിപത്യവും ഇന്ത്യൻ ജനതയും വിജയിക്കും– ആദർശ് പറഞ്ഞു.
ഗ്യാനേഷ് കുമാറിനെ പോലുള്ള രാജ്യദ്രോഹികൾ പ്രധാന പദവികളിൽ ഇരിക്കുന്നിടത്തോളം കാലം രാജ്യത്തിന് പുരോഗതി ഉണ്ടാകില്ലെന്ന് സൗരവ് ദാസ് പറഞ്ഞു. അതുകൊണ്ട് ഇത്തരക്കാരെ സംവിധാനത്തിൽനിന്ന് പുറത്താക്കേണ്ടതുണ്ടെന്നും അതിനുള്ള വലിയ ഉത്തരവാദിത്വമാണ് യുവാക്കൾക്കുള്ളതെന്നും സൗരവ് ദാസ് പറഞ്ഞു. എഐഎസ്എഫ് അഖിലേന്ത്യ പ്രസിഡന്റ് വിരാജ് ദേവാംഗ്, ഐസ അഖിലേന്ത്യ പ്രസിഡന്റ് നേഹ ബോറ, എഎസ്എപി നേതാവ് ഇൗഷ്ന ഗുപ്ത എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments