പ്രതിഷേധക്കൊടുങ്കാറ്റായി പ്രതിപക്ഷം
print edition ഇന്ത്യയുടെ രോഷം

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ തെരഞ്ഞെടുപ്പ് കമീഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച്
കെ പി അക്ഷയ്
Published on Oct 07, 2026, 01:24 AM | 2 min read
ന്യൂഡൽഹി: സംഘപരിവാറിനായി ജനാധിപത്യം കശാപ്പുചെയ്‌ത മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധക്കൊടുങ്കാറ്റ്. ഇന്ത്യ കൂട്ടായ്‌മ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ ചൊവ്വാഴ്‌ച തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനമായ നിർവാചൻ സദനിലേക്ക് നടത്തിയ മാർച്ചിൽ രാജ്യത്തിന്റെ രോഷമിരന്പി. പ്രതിപക്ഷഐക്യം വിളിച്ചോതിയ സമരത്തെ പൊലീസ് അതിക്രൂരമായാണ് നേരിട്ടത്.
പാർലമെന്റിലെ മകർദ്വാറിൽനിന്ന് ആരംഭിച്ച മാർച്ച് ഡൽഹി പൊലീസും കേന്ദ്രസേനകളും ആകാശവാണി ഭവന് സമീപം തടഞ്ഞു. പൊലീസും ആർപിഎഫും കൂടാതെ സിഐഎസ്‌എഫ്, ബിഎസ്‌എഫ് ജവാൻമാരെയടക്കം മൂവായിരത്തോളം സുരക്ഷാ സൈനികരെ വിന്യസിച്ചിരുന്നു. ജനപ്രതിനിധികളെ ക്രൂരമായി വലിച്ചിഴച്ച് വസ്‌ത്രം കീറിയെറിഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റു. മുതിർന്ന നേതാക്കളെയും വനിതാ എംപിമാരെയുമടക്കം റോഡിലൂടെ വലിച്ചിഴച്ചു. ഇടതുപക്ഷ എംപിമാരായ ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, എ എ റഹിം എന്നിവരെ രണ്ടുതവണ കസ്റ്റഡിയിലെടുത്തു.
ബാരിക്കേഡുകൊണ്ട് മാർച്ച് തടഞ്ഞതോടെ എംപിമാർ ആകാശവാണി ഭവൻ ഗേറ്റ് കടന്ന് നിർവാചൻ സദനിലെത്താൻ ശ്രമിച്ചു. ഇതും തടഞ്ഞതോടെ തെരഞ്ഞെടുപ്പ് കമീഷനെ കാണണമെന്നാവശ്യപ്പെട്ട് നേതാക്കൾ മണിക്കൂറുകൾ ആകാശവാണി വളപ്പിലിരുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം അമ്രാറാം, ലോക്‌സഭാനേതാവ് കെ രാധാകൃഷ്‌ണൻ, രാജ്യസഭാനേതാവ് ജോൺ ബ്രിട്ടാസ്, എ എ റഹീം, വി ശിവദാസൻ, ജോസ് കെ മാണി, സു വെങ്കിടേശൻ, ആർ സച്ചിതാനന്ദം, പി സന്തോഷ്‌കുമാർ, പി പി സുനീർ, എസ്‌പി നേതാവ് അഖിലേഷ് യാദവ്, തൃണമൂൽ നേതാവ് അഭിഷേക് ബാനർജി എന്നിവർ പങ്കെടുത്തു. പിന്തുണയുമായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും പ്രതിപക്ഷപാർടി പ്രവർത്തകരുമെത്തി. എംപിമാരെ നേരിടാൻ ഗ്രനേഡുകളും കണ്ണീർവാതകവുമെത്തിച്ചു. മാധ്യമപ്രവർത്തകരെ സമരഭൂമിയിലെത്തുന്നതിൽ നിന്ന് തടഞ്ഞു.
രാഹുലും അറസ്റ്റിൽ
ആകാശവാണി ഭവനിൽ മണിക്കൂറുകളോളം സമരം തുടർന്നതിനെത്തുടർന്ന് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ എംപിമാരെ ബലപ്രയോഗത്തിലൂടെ പൊലീസ് അറസ്റ്റ്‌ചെയ്‌ത് രാത്രി പത്തോടെ വിട്ടയച്ചു. എംപിമാരെ അറസ്റ്റ് ചെയ്യുന്നതിനായി വൻ പൊലീസ് സംഘമെത്തി. രാത്രി എട്ട് മണിയോടെ നൂറുകണക്കിന് പൊലീസുകാർ എംപിമാരെ വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. തുടർന്ന് സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമീഷനെ കാണാതെ പിൻമാറില്ലെന്ന് പ്രതിപക്ഷ നേതാവും എംപിമാരും പറഞ്ഞതോടെയാണ് രാഹുലിനെയും സംഘത്തെയും അറസ്റ്റ്‌ചെയ്‌തത്. രണ്ട് തവണ അറസ്റ്റിലായ സിപിഐ എം എംപിമാർ രാത്രിയും ആകാശവാണി ഭവനിലെത്തി.








0 comments