ഉള്ളിക്ക് വിലയിടിഞ്ഞു; കയറ്റുമതി തീരുവ നീക്കി

ന്യൂഡൽഹി: സവാള വില 40 ശതമാനത്തോളം കുറഞ്ഞതിനു പിന്നാലെ 20 ശതമാനം കയറ്റുമതി തീരുവ പിൻവലിച്ച് കേന്ദ്രസർക്കാർ. തീരുവ കുറയ്‌ക്കാനുള്ള തീരുമാനം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ സെപ്‌തംബറിലാണ് കേന്ദ്രം സവാളയ്‌ക്ക് 20 ശതമാനം കയറ്റുമതി തീരുവ ഏർപ്പെടുത്തിയത്. ഉൽപ്പാദനം വർധിച്ചതിനെ തുടർന്ന് ഫെബ്രുവരി മുതൽ സവാളവിലയിൽ രാജ്യവ്യാപകമായി 30–--40 ശതമാനം കുറവുണ്ടായി. മൂന്ന് ആഴ്‌ചക്കുള്ളിൽ വില ക്വിന്റലിന് 2,270 രൂപയിൽനിന്ന് 1,420 രൂപയായാണ് കുറഞ്ഞത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽനിന്ന് ആഭ്യന്തര മാർക്കറ്റിൽ കൂടുതൽ ഉള്ളി എത്തിയതോടെയാണ് വിലയിൽ ഇടിവുണ്ടായത്.
കൃഷി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഈവർഷത്തെ റാബി വിളവെടുപ്പിൽ 2.27 കോടി ടണ്ണാണ് സവാള ഉൽപ്പാദനം. കഴിഞ്ഞ തവണ ഇത് 1.92 കോടി ടണ്ണായിരുന്നു.- 17 ശതമാനം വർധനയുണ്ടായി. നിയന്ത്രണങ്ങൾക്കിടെ 2024-–-25 സാമ്പത്തികവർഷം 11.65 ലക്ഷം ടണ്ണാണ് കയറ്റുമതി ചെയ്‌തത്.











0 comments