print edition പഹൽഗാം ഭീകരാക്രമണത്തിന് ഒരാണ്ട്; സുരക്ഷാവീഴ്‌ചയിൽ ഉത്തരമില്ലാതെ മോദി സർക്കാർ

കർശന നിയന്ത്രണങ്ങളെ തുടർന്ന് വിനോദസഞ്ചാരികളുടെ തിരക്കൊഴിഞ്ഞ പഹൽഗാമിൽ നിന്ന് ബെെസരൺ താഴ്-വരയിലേക്കുള്ള വഴി

സ്വന്തം ലേഖകൻ
Published on Apr 23, 2026, 12:00 AM | 1 min read
ന്യൂഡൽഹി : രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണമുണ്ടായി ഒരുവർഷം പിന്നിടുന്പോഴും അതിലേക്ക് നയിച്ച ഗുരുതര സുരക്ഷാവീഴ്‌ചയിൽ അന്വേഷണം എങ്ങുമെത്തിയില്ല. വീഴ്‌ച സംഭവിച്ചതായി കേന്ദ്രസർക്കാർ കഴിഞ്ഞവർഷം ഏപ്രിൽ 24ന് ചേർന്ന സർവകക്ഷിയോഗത്തിൽ തുറന്നുസമ്മതിച്ചിരുന്നു. എന്നാൽ വീഴ്‌ചകളെന്തെല്ലാം, ഉത്തരവാദികൾ ആരെല്ലാം തുടങ്ങിയ ചോദ്യങ്ങൾക്ക് മോദി സർക്കാർ ഉത്തരം നൽകിയിട്ടില്ല.
2025 ഏപ്രിൽ 22ന് ബൈസരൻ താഴ്‌വരയിൽ ഭീകരാക്രമണത്തിൽ 25 വിനോദസഞ്ചാരികളും ഒരു നാട്ടുകാരനുമാണ് കൊല്ലപ്പെട്ടത്. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്‌മീരിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ആക്രമണമുണ്ടായേക്കുമെന്ന് ദിവസങ്ങൾക്ക് മുന്പ് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. ആക്രമണത്തിന് രണ്ടാഴ്‌ച മുന്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ അധ്യക്ഷതയിൽ ലെഫ്‌റ്റനന്റ് ഗവർണർ മനോജ് സിൻഹയടക്കം പങ്കെടുത്ത് ജമ്മു കശ്‌മീരിൽ ഉന്നതതല സുരക്ഷായോഗം ചേർന്നിരുന്നു. എന്നിട്ടും ആവശ്യമായ സുരക്ഷാസജ്ജീകരണം ഒരുക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു.
സുരക്ഷാവീഴ്‌ചകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത്‌ഷാ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവക്കണമെന്നും ലെഫ്. ഗവർണർ മനോജ് സിൻഹയെ നീക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വകവരുത്തിയതോടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂറി'ലൂടെ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചിരുന്നു.
ഭീകരാക്രമണത്തെ അപലപിക്കാൻ കശ്‌മീരിലെ കച്ചവടക്കാർ ഒറ്റക്കെട്ടായി കടകന്പോളങ്ങൾ മുഴുവൻ അടച്ചിട്ടത് ലോകശ്രദ്ധ ആകർഷിച്ചിരുന്നു. ശാന്തിക്കും സമാധാനത്തിനും വേണ്ടിയാണ് കശ്‌മീരി ജനത എപ്പോഴും നിലകൊണ്ടിരുന്നതെന്ന വസ്‌തുതയിലേക്ക് വീണ്ടും വിരൽചൂണ്ടുന്നതായിരുന്നു ഇൗ പ്രതിഷേധം. അതേസമയം, ഭീകരാക്രമണത്തിന് പിന്നാലെ സർക്കാർ സ്വീകരിച്ച നടപടികൾ കശ്‌മീരി ജനതയെ കൂടുതൽ പ്രതിസന്ധിയിലാക്കിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ജനങ്ങളും സർക്കാരും തമ്മിലുള്ള അകലം വർധിച്ചു.











0 comments