print edition പഹൽഗാം ഭീകരാക്രമണത്തിന് ഒരാണ്ട്

ശ്രീനഗര്‍ : രാജ്യം നടുങ്ങിയ പഹൽഗാം ഭീകരാക്രമണത്തിന് ഒരു വയസ്. വാർഷികത്തിന് മുന്നോടിയായി കശ്‍മീരിൽ സുരക്ഷ ശക്തമാക്കി. 2025 ഏപ്രിൽ 22-നായിരുന്നു തെക്കൻ കശ്‍മീരിലെ അനന്ത്‌നാഗ് ജില്ലയിൽ പഹൽഗാം ടൗണിൽനിന്നും 7 കിലോമീറ്ററോളം അകലെയുള്ള "മിനി സ്വിറ്റ്‌സർലൻഡ്' എന്നറിയപ്പെടുന്ന ബൈസരൻ പുൽമേട്ടിൽ മൂന്ന് ഭീകരർ വിനോദസഞ്ചാരികള്‍ക്കുനേരെ വെടിയുതിര്‍ത്തത്. നേപ്പാള്‍ സ്വദേശിയടക്കം 25 വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ടവരിൽ കൊച്ചി ഇടപ്പള്ളി സ്വദേശിയായ എന്‍ രാമചന്ദ്രനുമുണ്ടായിരുന്നു. ഹണിമൂൺ ആഘോഷിക്കാനെത്തിയ ഹിമാൻഷി നർവാൾ, തന്റെ ഭർത്താവായ നേവി ഓഫീസർ ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ മൃതദേഹത്തിന് സമീപമിരിക്കുന്ന ചിത്രം രാജ്യത്തിന്റെ തീരാനോവായി മാറി.
പാക് ഭീകരസംഘടനയായ ലഷ്‍കര്‍ ഇ തായ്‍ബയുമായി ബന്ധപ്പെട്ട ദ റെസിസ്‍റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. മേയ് ഏഴിന് ഇന്ത്യ " ഓപ്പറേഷൻ സിന്ദൂറി' ലൂടെ പാകിസ്ഥാനിലെയും പാക് അധീന കശ്‍മീരിലെയും ലഷ്‍കര്‍ ഇ തായ്‍ബയുടെയും ജയ്‍ഷെ മുഹമ്മദിന്റെയും പരിശീലന കേന്ദ്രങ്ങള്‍ തകര്‍ത്തു. 10നാണ് വെടിനിര്‍ത്തലുണ്ടായത്. സംഭവത്തിനുശേഷം ജമ്മു കശ്‍മീരിലെ 44 വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചുപൂട്ടി. മിക്കവയും വീണ്ടും തുറന്നെങ്കിലും ബൈസരൻ അടഞ്ഞുകിടക്കുകയാണ്.











0 comments