ഹിമാചലിൽ കാറും ടെമ്പോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 5 പേർക്ക് പരിക്ക്

സിംല : ഹിമാചൽ പ്രദേശിൽ എസ്‌യുവിയും ടെമ്പോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. ഉന ജില്ലയിലെ ബർണോ ഗ്രാമത്തിലാണ് സംഭവം. ലംലൈഹാരി സ്വദേശിയായ രവീന്ദ്രയാണ് മരിച്ചത്. രവീന്ദ്ര, ഭാര്യ രമ ഗൗതം, മക്കളായ അഷ്മിത, ദിവ്യാൻഷ് എന്നിവരാണ് ടെമ്പോയിലുണ്ടായിരുന്നത്.
ദമ്പതികളും രണ്ട് കുട്ടികളും ഉനയിൽ നിന്ന് ലംലൈഹാരിയിലെ വീട്ടിലേക്ക് ടെമ്പോയിൽ പോകുമ്പോഴാണ് അപകടം നടന്നത്. പഞ്ചാബ് രജിസ്ട്രേഷനിലുള്ള എസ്‌യുവി, ഹാമിർപൂരിൽ നിന്ന് ഉന നഗരത്തിലുള്ള ആരാധനാലയത്തിൽ എത്തിയവരുമായി തിരിച്ചു പോവുകയായിരുന്നു. തെറ്റായ ദിശയിലേക്ക് തെന്നിമാറിയ എസ്‌യുവി എതിർദിശയിൽ നിന്ന് വന്ന ടെമ്പോയിൽ ഇടിച്ചുകയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എസ്‌യുവി അമിതവേഗതയിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ദമ്പതികളും കുട്ടികളും ടെമ്പോയുടെ മുൻവശത്തെ ക്യാബിനിൽ ഇരിക്കുകയായിരു. ഇടിയുടെ ആഘാതത്തിൽ ടെമ്പോയുടെ മുൻഭാഗം പൂർണമായി തകർന്നു.
രവീന്ദ്രയ്ക്കും എട്ട് വയസുകാരി അസ്മിതയ്ക്കും കാലുകളിൽ ഒന്നിലധികം ഒടിവുകളും തലയ്ക്ക് ആഴത്തിലുള്ള പരിക്കും ഉണ്ടായിരുന്നു. രമയ്ക്കും ദിവ്യാൻഷിനും ഗുരുതരമായി പരിക്കേറ്റു. എസ്‌യുവിയിൽ സഞ്ചരിച്ചിരുന്ന ജലന്ധറിൽ നിന്നുള്ള പ്രിയ, തർസെം ലാൽ എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റ എല്ലാവരെയും നാട്ടുകാരുടെ സഹായത്തോടെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രവീന്ദ്ര, രമ ഗൗതം, അഷ്മിത എന്നിവരെ പിന്നീട് ചണ്ഡിഗഡിലേക്ക് മാറ്റി. ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ ചികിത്സയിലിരിക്കെയാണ് രവീന്ദ്ര മരിച്ചത്. ദിവ്യാൻഷ് പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്.
എസ്‌യുവി ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷിയും ബർണോ പഞ്ചായത്ത് ഗ്രാമത്തലവനുമായ ബക്ഷിഷ് സിംഗ് പറഞ്ഞു. സദർ പൊലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് സൂപ്രണ്ട് ഉന അമിത് യാദവ് പറഞ്ഞു. പരിക്കേറ്റവരുടെയും ദൃക്‌സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കും.










0 comments