വരനും വധുവിനുമൊപ്പം കള്ളനും വേദിയിൽ; ബാഗിൽ നിന്നും നാല് ലക്ഷത്തിന്റെ ആഭരണങ്ങൾ കവർന്നത് ക്യാമറ പൊക്കി

ജയ്പൂർ: വിവാഹത്തിനെത്തിയ അതിഥിയാണെന്ന ഭാവത്തിൽ നാല് ലക്ഷം രൂപ വരുന്ന ആഭരണങ്ങളും പണവും കവർന്ന് കള്ളൻ. ജയ്പൂരിലാണ് സംഭവം. വിവാഹവിരുന്ന് നടന്നുക്കൊണ്ടിരിക്കെ വധുവും വരനും നിൽക്കുന്ന അതേ വേദിയിൽ കയറിയാണ് മോഷണം നടത്തിയത്. വിവാഹ ദൃശ്യങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫറുടെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നും കള്ളനെ കണ്ടെത്തുകയായിരുന്നു.
ഫെബ്രുവരി ഏഴിന് ജഗത്പുരയിലെ ചന്ദൻ വൺ മാര്യേജ് ഗാർഡനിലാണ് സംഭവം നടന്നത്. വേദിയിലെത്തിയ അതിഥികളെ സ്വീകരിച്ച് അവർക്കൊപ്പം ഫോട്ടോകൾ എടുക്കുന്ന തിരക്കിലായിരുന്നു വരനും വധുവും. വേദിയിലേക്ക് അതിഥികൾക്കൊപ്പം കടന്നു വന്ന ആൾ ഒരു സംശയത്തിനും ഇട നൽകാതെയാണ് കസേരയ്ക്ക് താഴെ വച്ചിരുന്ന ബാഗെടുത്ത് കവറിൽ ഒളിപ്പിച്ച് കടന്നുകളഞ്ഞത്.
കുടുംബാംഗങ്ങളും അതിഥികളും ചടങ്ങുകളിലും ഫോട്ടോഷൂട്ടിലുമായി മുഴുകിയിരുന്നതിനാൽ മോഷണസംഭവം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ഫോട്ടോ ഷൂട്ട് കഴിഞ്ഞതിന് ശേഷമാണ് വധുവിന് തന്റെ ബാഗ് കാണാനില്ലെന്ന് മനസ്സിലായത്. സഥലത്ത് നടത്തിയ തിരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല. തുടർന്ന് കുടുംബം ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചു. ഇതോടെയാണ് മോഷണമാണെന്ന് സ്ഥിരീകരിച്ചത്. വരന്റെയും വധുവിന്റെയും കുടുംബങ്ങളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.









0 comments