print edition ഓൾഡ് മങ്ക് വിലക്ക് സ്വന്തക്കാർക്ക് വേണ്ടി

ന്യൂഡൽഹി: കൃത്രിമ രുചിക്കൂട്ടുകൾ ചേർക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഓൾഡ് മങ്ക് ട്രിപ്പിൾ എക്‌സ് റം, മക്ഡവൽസ് നമ്പർ വൺ സെലിബ്രേഷൻ റം തുടങ്ങി വിവിധ മദ്യബ്രാൻഡുകൾക്ക് ഫുഡ് സേഫ്‌റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ വിലക്കേർപ്പെടുത്തി. ഓൾഡ് മങ്കിന്റെ ട്രിപ്പിൾ എക്‌സ് റമ്മിന് പുറമെ ‘ദി ലജൻഡ്’, ‘ഗോൾഡ് റിസർവ്’ എന്നീ ബ്രാൻഡുകളെയും വിലക്കി.
ആന്റിക്വിറ്റി ബ്ലൂ, റോയൽ ചലഞ്ചേഴ്‌സ്, ബാഗ്‌പൈപ്പർ ഡീലക്‌സ് എന്നീ വിസ്‌കി ഇനങ്ങൾക്കും വിലക്കുണ്ട്. ഓൾഡ് കാസ്‌ക് ട്രിപ്പിൾ എക്‌സ് റമ്മിനും വിലക്കുണ്ട്. സ്വന്തക്കാരുടെ മദ്യക്കമ്പനികളെ സഹായിക്കാനാണ് കേന്ദ്രസർക്കാർ നടപടിയെന്ന ആക്ഷേപമുണ്ട്.
കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ മക്കളായ സാരംഗ് ഗഡ്കരി, നിഖിൽ ഗഡ്കരി എന്നിവരുടെ ഉടമസ്ഥതയിലുള്ള മാനസ് അഗ്രോ ഇൻഡസ്‌ട്രീസ് അടുത്തിടെ മദ്യ ഉൽപ്പാദനത്തിലേക്കും കടന്നിട്ടുണ്ട്. കപ്‌താൻ എന്ന പേരിലുള്ള റമ്മും വോൾസ്റ്റോൺ എന്ന പേരിലുള്ള വിസ്‌ക്കി ബ്രാൻഡുമാണ് മാനസ് ഇൻഡസ്‌ട്രീസ് ഉൽപ്പാദിപ്പിക്കുന്നത്. എഥനോൾ ഉൽപ്പാദനമാണ് പ്രധാന ബിസിനസ്. നിതിൻ ഗഡ്കരി മുൻപ് പ്രൊമോട്ട് ചെയ്ത 'പൂർത്തി ഗ്രൂപ്പ്' വിഭജിച്ചാണ് മാനസ് രൂപീകരിച്ചത്.
വിലക്കിനുള്ള കാരണം
വിസ്‌ക്കിയിലും റമ്മിലും പ്രത്യേക രുചിക്കൂട്ടുകൾ ചേർക്കുന്നതായാണ് എഫ്‌എസ്‌എസ്‌എഐയുടെ കണ്ടെത്തൽ. പഴക്കം കൂട്ടുന്നതിന് ശരിയായ മാർഗങ്ങൾ സ്വീകരിക്കുന്നില്ല, രുചിക്കും മണത്തിനും കൃത്രിമ മാർഗം സ്വീകരിക്കുന്നു, കുപ്പിയുടെ ലേബലിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരം ഉൾക്കൊള്ളിക്കുന്നു എന്നിങ്ങനെ കാരണങ്ങൾ നീളുന്നു. ഏഴുവർഷം പഴക്കമുള്ള മിശ്രിതമെന്ന് ഓൾഡ് മങ്കിന്റെ ലേബലിൽ ചേർത്തത് തെറ്റിദ്ധരിപ്പിക്കാനാണ്. മദ്യത്തിൽ നല്ലൊരു പങ്കും ഒട്ടും പഴക്കമില്ലാത്ത സ്‌പിരിറ്റാണ് –എഫ്‌എസ്‌എസ്‌എഐ ചൂണ്ടിക്കാട്ടി.










0 comments