print edition പമ്പുകൾക്ക് കടം നൽകില്ലെന്ന് എണ്ണക്കമ്പനികൾ

കൊല്ലം: പമ്പുകൾക്ക് പെട്രോളും ഡീസലും കടം നൽകില്ലെന്ന് പൊതുമേഖലാ ഇന്ധന കമ്പനികൾ. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഭാഗമായി ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് നടപടി. ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപറേഷൻ ഉൾപ്പെടെയുള്ള എണ്ണക്കമ്പനികൾ പമ്പ് ഉടമകൾക്ക് ഇക്കാര്യമറിയിച്ച് കത്ത് നൽകി.
40 – 50 ലക്ഷം രൂപവരെ ക്രെഡിറ്റായാണ് കമ്പനികൾ എണ്ണ നൽകിയിരുന്നത്. തുക അഞ്ച് ദിവസത്തിനകം 12ശതമാനം പലിശയടക്കം തിരിച്ചടയ്‌ക്കണം. ഇത്തരത്തിൽ മൂന്ന് ലോഡ് വരെ ഇന്ധനം ക്രെഡിറ്റിൽ നൽകും. മാസം ശരാശരി 15–20 ലോഡ് വരെ പെട്രോളും ഡീസലുമാണ് ഒരു പമ്പിൽ ഇറക്കുന്നത്. 12,000 മുതൽ 20,000 ലിറ്റർവരെയാണ് ഒരു ലോഡ്.
ക്രൂഡ് ഓയിൽ വില കൂടിയതോടെ ഡീസൽ 40, പെട്രോൾ 20രൂപ നഷ്ടത്തിലാണ് നൽകുന്നതെന്നാണ് കമ്പനികളുടെ വാദം. പല സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പ് ആയതിനാൽ കേന്ദ്രം ഇന്ധനവില വർധിപ്പിക്കാൻ അനുമതി നൽകുന്നില്ല.
സാധാരണ മാർച്ചിൽ ടാർജറ്റ് തികയ്‌ക്കാൻ എണ്ണക്കമ്പനികൾ പമ്പ് ഉടമകളിൽ സമ്മർദം ചെലുത്തി പമ്പുകളിലെ ടാങ്കറിലും അവരുടെ ഉടമസ്ഥതയിലുള്ള ടാങ്കർ ലോറികളിലും ഇന്ധനം നിറപ്പിക്കുമായിരുന്നു. ബംഗളൂരുവിൽ നയാര, റിലയൻസ് സ്വകാര്യ ഇന്ധന കമ്പനികൾ രാത്രി പെട്രോൾ, ഡീസൽ വിൽപ്പന നിർത്തി.










0 comments