ഒഡീഷ മെഡിക്കൽ പിജി പരീക്ഷ ചോദ്യപേപ്പർ ചോർന്നു; പുറത്തായത് വാട്സ്ആപ്പ് വഴി

ന്യൂഡൽഹി : രാജ്യത്ത് പരീക്ഷ നടത്തിപ്പിലെ വൻ വീഴ്ചകളും ചോദ്യപേപ്പർ ചോർച്ചയും തുടർക്കഥയാകുന്നു. ഒഡീഷയിലെ പിജി മെഡിക്കൽ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്. ഒഡീഷ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പറാണ് പരീക്ഷ തുടങ്ങി മിനിറ്റുകൾക്കകം വാട്സ്ആപ്പിലൂടെ പുറത്തായത്. രാജ്യത്തെ പരീക്ഷ നടത്തിപ്പിലെ സുരക്ഷ സംവിധാനങ്ങൾ തികച്ചും നോക്കുകുത്തിയാണെന്ന് തെളിയിക്കുന്നതാണ് ഈ പുതിയ സംഭവം.
ജൂലൈ 27നായിരുന്നു ചോദ്യപേപ്പർ ചോർന്ന പരീക്ഷ നടന്നത്. 2023-26 ബാച്ചിന്റെ ജനറൽ സർജറി പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്. രാവിലെ പരീക്ഷ തുടങ്ങി 9.58ഓടെ തന്നെ പരീക്ഷയുടെ ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചു. പ്രഥമിക അന്വേഷണത്തിൽ ബെർഹാംപൂരിലെ എംകെസിജി സർക്കാർ മെഡിക്കൽ കോളേജിൽ നിന്നാണ് ചോദ്യപേപ്പർ പുറത്തായതെന്നാണ് അറിയാൻ കഴിഞ്ഞത്.
ഈ ഗുരുതര വീഴ്ചയെ ന്യായീകരിക്കാനും ലഘൂകരിക്കാനുമാണ് അധികൃതർ ശ്രമിക്കുന്നത്. ചോദ്യപേപ്പർ ചോർന്നതല്ലന്നും വിദ്യാർഥികൾക്ക് വിതരണം ചെയ്തശേഷം വാട്സ്ആപ്പിലൂടെ ചോദ്യപേപ്പർ പുറത്തേക്ക് കൈമാറിയതാണെന്നാണ് എംകെസിജി സർക്കാർ മെഡിക്കൽ കോളേജ് ഡീൻ ഹരികൃഷ്ണ ദലൈയുടെ ന്യായീകരണം.
പരീക്ഷ നടക്കുന്ന ഹാളുകളിൽ കർശന പരിശോധനകൾ നടത്താതെ ഇലക്ട്രോണിക് ഉപകരണങ്ങൾ എങ്ങനെ കടത്തി എന്ന ചോദ്യവും അധികൃതർക്കെ ഉയർന്നിട്ടുണ്ട്. നീറ്റ് പരീക്ഷ ക്രമക്കേടുകളെ തുടർന്ന് ഡൽഹിയിലുൾപ്പടെ വിദ്യാർഥി പ്രക്ഷോഭം ആളിക്കത്തുകയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുകയും ചെയ്തതിന് പിന്നാലെയാണ് സമാനമായ സംഭവം ആവർത്തിക്കുന്നത്. വിദ്യാർഥികളുടെ ഭാവി കൈയിൽവെച്ചാണ് സർക്കാരും പരീക്ഷ ബോർഡുകളും കാണിക്കുന്ന കടുത്ത അനാസ്ഥയുടെ മറ്റൊരു ഉദാഹരണമാണ്.
ഒഡീഷയിലെ മെഡിക്കൽ പിജിയുടെ രണ്ട് പരീക്ഷകൾ കൂടി ബാക്കിനിൽക്കെയാണ് ഗുരുതര വീഴ്ച സംഭവിക്കുന്നത്. ഒഡീഷ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ഈ വിഷയത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തുടർന്ന് നടപടികൾ സ്വീകരിക്കുമെന്നും വീഴ്ചകൾ പരിഹരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും വിദ്യാർഥികൾക്കിടയിൽ വലിയ ആശങ്ക നിലനിൽക്കുകയാണ്.









0 comments