രാജ്യത്ത് കുട്ടികളിൽ കുഷ്ഠരോഗം വർധിക്കുന്നതായി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി : ആശങ്ക ഉയർത്തി ഇന്ത്യയിൽ കുട്ടികളിൽ കുഷ്ഠരോഗം വർധിക്കുന്നതായി റിപ്പോർട്ട്. 2025–26 വർഷത്തിൽ രാജ്യത്ത് 3,832 കുട്ടികൾക്കാണ് പുതിയതായി കുഷ്ഠരോഗം സ്ഥിരീകരിച്ചത്. ഇതിൽ 37 കുട്ടികളിൽ രോഗനിർണയ സമയത്ത് ഗ്രേഡ്-2 വൈകല്യവും കണ്ടെത്തിയിട്ടുണ്ട്. 2025–26ൽ കുട്ടികളിലെ കുഷ്ഠരോഗബാധ 2,000 ആയി പരിമിതപ്പെടുത്താനായിരുന്നു ദേശീയ കുഷ്ഠരോഗ നിർമാർജന പദ്ധതിയുടെ ലക്ഷ്യം. എന്നാൽ, ലക്ഷ്യത്തേക്കാൾ 91.6 ശതമാനം കൂടുതലാണ് റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം. ഈ വർഷം കുഷ്ഠരോഗം ബാധിക്കുന്ന കുട്ടികളുടെ എണ്ണം 1,000 ആയി കുറയ്ക്കാനാണ് എൻഎൽഇപി ലക്ഷ്യമിടുന്നത്. 2025–26 വർഷത്തിൽ രാജ്യത്ത് 91,783 പുതിയ കുഷ്ഠരോഗ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 1,945 പേർക്ക് രോഗനിർണയ സമയത്ത് ഗ്രേഡ്-2 വൈകല്യവുമുണ്ടായിരുന്നു.
പതിനഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ പുതിയ കുഷ്ഠരോഗ കേസുകൾ കണ്ടെത്തുന്നത് സമീപകാലത്ത് രോഗവ്യാപനം വർധിക്കുന്നതിന്റെ സൂചനയായാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. കുഷ്ഠരോഗം നേരത്തെ തിരിച്ചറിയുന്നതിൽ വീഴ്ച സംഭവിക്കുന്നതിനാലാണ് രോഗനിർണയ സമയത്ത് ഗ്രേഡ്-2 വൈകല്യം കണ്ടെത്തുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കുട്ടികളിൽ വൈകല്യത്തോടെ രോഗം തിരിച്ചറിയുന്നത് രോഗവ്യാപനത്തിന്റെയും രോഗനിർണയം വൈകുന്നതിന്റെയും തെളിവായണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
നേരത്തെയുള്ള രോഗനിർണയം, സമ്പർക്കത്തിലുള്ളവരുടെ പരിശോധന, സജീവ രോഗനിർണയ ക്യാമ്പുകൾ, ഉയർന്ന രോഗബാധയുള്ള മേഖലകളിൽ പ്രത്യേക പരിശോധന എന്നിവയിലൂടെ മാത്രമേ കുഷ്ഠരോഗം തടയാനാകൂ എന്നാണ് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്. പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ കുഷ്ഠരോഗ ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നുണ്ടെങ്കിലും കൃത്യതയാർന്ന പ്രതിരോധ പ്രവർത്തനങ്ങൾ തുടരേണ്ടതുണ്ട്. കുഷ്ഠരോഗം ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതാണെങ്കിലും വൈകി കണ്ടെത്തുന്നത് വൈകല്യത്തിലേക്ക് നയിക്കാം. അതിനാൽ, കുട്ടികളിലെ പുതിയ കേസുകളുടെ എണ്ണം കുറയ്ക്കുന്നതിന് രോഗം നേരത്തെ കണ്ടെത്തുന്നത് നിർണായകമാണ്.








0 comments