ad
Deshabhimani

പാസ്റ്ററെ ജയ് ശ്രീ റാം വിളിപ്പിച്ചും ബലമായി ചാണകം കഴിപ്പിച്ചും ഹിന്ദുത്വ സംഘത്തിന്റെ മർദനം

Stock Image Man Attacked
വെബ് ഡെസ്ക്

Published on Jan 20, 2026, 11:49 AM | 1 min read

പർജാങ്: പാസ്റ്ററെ ജയ് ശ്രീ റാം വിളിപ്പിച്ചും ബലമായി ചാണകം തീറ്റിപ്പിച്ചും ബജ്റം​ഗ്‍ദൾ പ്രവർത്തക സംഘത്തിന്റെ അതിക്രമം. ഒഡീഷയിലെ ധെങ്കനാൽ ജില്ലയിലെ പർജാങ് ഗ്രാമത്തിലാണ് ദാരുണമായ സംഭവം. പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനാണ് മർദനമേറ്റത്. ഏഴ് ക്രിസ്ത്യൻ കുടുംബങ്ങൾ മാത്രമുള്ള ഒരു ഹിന്ദു ഭൂരിപക്ഷ ഗ്രാമമാണ് പർജാങ് ഗ്രാമം. നായിക് നിർബന്ധിത മതപരിവർത്തനം നടത്തുന്നുണ്ടെന്ന് സംഘം ആരോപിച്ചു.


ജനുവരി നാലിന് പാസ്റ്ററും കുടുംബവും കുറച്ച് പേരും ഗ്രാമത്തിലെ ഒരു വീട്ടിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു. ഇവിടേയ്ക്ക് 40ഓളം പേരടങ്ങുന്ന പ്രവർത്തകർ അതിക്രമിച്ചു കയറി വീട്ടിലുണ്ടായിരുന്നവരെയെല്ലാം ക്രൂരമായി മർദിച്ചു.


ഇതിനിടെ സംഘത്തിന്‍റെ കൈയിൽനിന്ന് രക്ഷപ്പെട്ട നായിക്കിന്റെ ഭാര്യ വന്ദനയും മക്കളും സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി. വിവരം അറിയിച്ചെങ്കിലും പൊലീസ് ഏറെ വൈകിയാണ് സ്ഥലത്തെത്തിയത്. ഇതിനിടെ ആൾക്കൂട്ടം പാസ്റ്ററെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ട് പോയശേഷം ജയ് ശ്രീറാം വിളിക്കാൻ പറഞ്ഞ് വടി കൊണ്ട് മർദിച്ചു. ബലമായി ചാണകവും തീറ്റിപ്പിച്ചു. മുഖത്ത് ചുവന്ന സിന്ദൂരം പുരട്ടുകയും കഴുത്തിൽ ചെരിപ്പ് മാലയും അണിയിച്ച് നായിക്കിനെ രണ്ട് മണിക്കൂറോളം ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു. പിന്നാലെ ഒരു ക്ഷേത്രത്തിന് സമീപം കെട്ടിയിട്ടും മർദനം തുടർന്നു.


പൊലീസ് ഇടപെട്ടിട്ടും സംഘം അക്രമം നിർത്താൻ തയ്യാറായില്ല. ഒടുവിൽ നായിക്കിനെ രക്ഷപ്പെടുത്തി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും മണിക്കൂറോളം യാതൊരു വൈദ്യസഹായവും നൽകാതെ ഇരുത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പാസ്റ്റർ പൊലീസിൽ പരാതി നൽകിയെങ്കിലും, നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അദ്ദേഹത്തിനെതിരെ ഒരു എതിർ എഫ്‌ഐആർ ഫയൽ ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home