മൗറീഷ്യസിന് സമീപം മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; കേന്ദ്ര ഇടപെടൽ തേടി കുടുംബം

ന്യൂഡൽഹി: ഒഡീഷയിലെ ഭദ്രക് ജില്ലയിൽ നിന്നുള്ള മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ, ജോലിയിലായിരിക്കെ കടലിൽ കാണാതായി. 2025 ജൂലൈ മുതൽ ഒരു സ്വകാര്യ ഷിപ്പിംഗ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന സാർത്ഥക് മഹാപത്രയെ ആണ് കാണാതായത്. ഫെബ്രുവരി 3ന് മൗറീഷ്യസിന് സമീപം വെച്ചാണ് സംഭവം. മകനെ കണ്ടെത്താൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കുടുംബം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചു.
ചൈനയിൽ നിന്ന് പടിഞ്ഞാറൻ ആഫ്രിക്കയിലേക്ക് പോയ കപ്പൽ സിംഗപ്പൂർ വഴി തിരികെ ചൈനയിലേക്ക് പോകുന്നതിനിടെയാണ് കാണാതായത് എന്ന് സാർത്ഥക്കിന്റെ മാതാവ് രശ്മിത മഹാപത്ര അറിയിച്ചു. ഫെബ്രുവരി 2-ന് സിംഗപ്പൂരിന് സമീപമെത്തിയപ്പോൾ സാർത്ഥക് വീട്ടുകാരെയും സുഹൃത്തുക്കളെയും വിളിച്ച് സംസാരിച്ചിരുന്നു.
സംഭവത്തിൽ സുതാര്യമായ അന്വേഷണം വേണമെന്നും കപ്പലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും സാർത്ഥക്കിന്റെ അമ്മ പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും അഭ്യർത്ഥിച്ചു. ഒഡീഷ സർക്കാർ ഈ വിഷയം ഡൽഹിയിലെ ഉന്നത അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.










0 comments