മനുഷ്യക്കടത്ത് ആരോപണം: ഇൻഡോറിൽ കന്യാസ്ത്രീകളെയും വിദ്യാർഥികളെയും തടഞ്ഞുവെച്ച് റെയിൽവെ പൊലീസ്

Representative Image | AI
ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെയും മഠത്തിലെ വിദ്യാർഥികളെയും റെയിൽവെ പൊലീസ് തടഞ്ഞു. ചൊവ്വാഴ്ചയാണ് സംഭവം. മഠത്തിൽ പഠിക്കുന്ന പെൺകുട്ടികളെ ഒഡീഷയിലെ വീടുകളിലേക്ക് കൊണ്ടുവിടാനെത്തിയ രണ്ട് കന്യാസ്ത്രീകൾ അടക്കം പത്തുപേരെയാണ് തടഞ്ഞത്. ഏറെ നേരം കഴിഞ്ഞാണ് ഇവരെ മോചിപ്പിച്ചത്.
കന്യാസ്ത്രീകളും വിദ്യാർഥികളും സ്റ്റേഷനിൽ എത്തിയ ഉടൻ തന്നെ പൊലീസ് തടഞ്ഞുവെച്ച് ചോദ്യം ചെയ്യാൻ തുടങ്ങി. മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു നടപടി. ഇതോടെ നേരത്തെ ബുക്ക് ചെയ്തിരുന്ന ട്രെയിനിൽ പോകാനും ഇവർക്കായില്ല. സഭാ അധികൃതരും പ്രാദേശിക പ്രതിനിധികളും ഏറെനേരെ ചർച്ച നടത്തിയശേഷമാണ് ഇവരെ പൊലീസ് വിട്ടയച്ചത്.
സഭാംഗങ്ങൾ നേരിടുന്ന വർദ്ധിച്ചുവരുന്ന സംശയങ്ങളുടെയും വെല്ലുവിളികളുടെയും പ്രതിഫലനമാണ് ഈ സംഭവമെന്ന് ബിഷപ്പ് തോമസ് മാത്യു വിശേഷിപ്പിച്ചു. "പിന്നീട് ഞങ്ങൾ നിരപരാധികളാണെന്ന് തെളിയുമായിരിക്കാം, പക്ഷേ ആ സമയത്തുണ്ടാകുന്ന നഷ്ടം, പണം, മാനസിക സമാധാനം എന്നിവ തിരിച്ചു കിട്ടില്ല. ശരിയായ സമയത്ത് ഇടപെടാൻ സാധിച്ചില്ലായിരുന്നെങ്കിൽ സാഹചര്യം മോശമാകുമായിരുന്നു" അദ്ദേഹം കൂട്ടിച്ചേർത്തു.
മധ്യപ്രദേശിൽ ഉൾപ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുൻപും പല തവണ കന്യാസ്ത്രീകളെ മനുഷ്യക്കടത്ത് ആരോപിച്ച് തടഞ്ഞുവെച്ചിട്ടുണ്ട്. ഹിന്ദുത്വവാദികളാണ് വ്യാജ ആരോപണം ഉന്നയിച്ചുകൊണ്ടുള്ള ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ.










0 comments