ad
Deshabhimani

print edition ആണവോർജമേഖല ; യുഎസുമായി
 സഹകരിക്കാൻ എൻടിപിസി

NTPC Partners US company ccte
വെബ് ഡെസ്ക്

Published on Jan 02, 2026, 02:54 AM | 1 min read


ന്യൂഡൽഹി

ആണവറിയാക്ടറുകളിൽ യുറേനിയത്തിന്‌ പകരം തോറിയം ഉപയോഗിക്കുന്നതിനുള്ള സാങ്കേതികത വികസിപ്പിക്കാൻ അമേരിക്കൻ കമ്പനിയായ ക്ലീൻ കോർ തോറിയം എനർജിയുമായി (സിസിടിഇ) പൊതുമേഖലാ സ്ഥാപനമായ എൻടിപിസി ധാരണയിലെത്തി. ഇന്ത്യക്ക്‌ ആണവസാങ്കേതികവിദ്യ നൽക്കുന്നതിനുള്ള ലൈസൻസ്‌ അമേരിക്കൻ ആണവോർജ വകുപ്പിൽനിന്ന്‌ നേടിയിട്ടുള്ള രണ്ടാമത്തെ യുഎസ്‌ കമ്പനിയാണ്‌ സിസിടിഇ.


ആണവോർജ മേഖലയിൽ അമേരിക്കയുമായി ആഴത്തിലുള്ള ബന്ധത്തിലേക്ക്‌ ഇന്ത്യ നീങ്ങുന്നതിന്റെ സൂചന കൂടിയാണ്‌ സിസിടിഇയും എൻടിപിസിയുമായുള്ള ധാരണ.

തോറിയം സാങ്കേതികവിദ്യ സ്വായത്തമാക്കുന്നതിന്റെ ഭാഗമായി സിസിടിഇയിൽ എൻടിപിസി നിക്ഷേപം നടത്തും. എൻടിപിസി ബോർഡ്‌ കഴിഞ്ഞ ദിവസം ഇതിനാവശ്യമായ അംഗീകാരം നൽകിയിരുന്നു. ആണവ മേഖലയെ സ്വകാര്യ, വിദേശ കോർപറേറ്റ് പങ്കാളിത്തത്തിന് തുറന്നുകൊടുക്കുന്ന ‘ശാന്തി' നിയമം നടപ്പാക്കിയതിന്‌ പിന്നാലെയാണ്‌ നീക്കം.


2047ഓടെ 30 ജിഗാവാട്ട്‌ ആണവോർജ ഉൽപ്പാദനമാണ്‌ എൻടിപിസി ലക്ഷ്യം വയ്‌ക്കുന്നത്‌. നിലവിലെ ഹെവിവാട്ടർ റിയാക്ടറുകളിൽ തോറിയം അധിഷ്‌ഠിത ഇന്ധനം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ സിസിടിഇയുമായുള്ള എൻടിപിസിയുടെ ധാരണ. ആണവോർജ മേഖലയിൽ സ്വകാര്യസ്ഥാപനങ്ങൾക്ക്‌ പ്രവർത്തനാനുമതി നൽകിയുള്ള ആണവോർജ ഭേദഗതി ബിൽ കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ പാർലമെന്റ്‌ അംഗീകരിച്ചിരുന്നു. തോറിയത്തോടൊപ്പം കൂടുതൽ സമ്പുഷ്ടീകരിച്ച യുറേനിയം കൂടി കലർത്തിയുള്ള അഡ്വാൻസ്‌ഡ്‌ ന്യൂക്ലിയർ എനർജി ഫോർ എൻറിച്ച്‌ഡ്‌ ലൈഫ്‌ (അനീൽ) എന്ന ഇന്ധനമാണ്‌ യുഎസ്‌ സ്ഥാപനമായ ക്ലീൻ കോർ വികസിപ്പിച്ചിട്ടുള്ളത്‌. ഇന്ത്യയിലെ തോറിയം ലഭ്യതകൂടി പരിഗണിച്ചാണ്‌ ഹെവിവാട്ടർ റിയാക്ടറുകളിൽ ഉപയോഗിക്കാവുന്ന പുതിയ ഇന്ധനത്തിന്റെ സാധ്യതകളിലേക്ക്‌ എൻടിപിസി കടന്നിട്ടുള്ളത്‌. തോറിയം അധിഷ്‌ഠിത ഇന്ധനമായതിനാൽ ആണവാവശിഷ്ടങ്ങൾ കുറയ്‌ക്കാമെന്ന പ്രതീക്ഷയും എൻടിപിസിക്കുണ്ട്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home