print edition നീറ്റ് ചോദ്യപേപ്പർ ചോർച്ച; വീഴ്‌ചയെന്ന് എൻടിഎ

ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ വീഴ്‍ച സമ്മതിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻടിഎ). എന്നാൽ ചോദ്യങ്ങൾ പ്രചരിച്ചതിനെ ‘ചോർച്ച’യെന്ന് വിശേഷിപ്പിക്കാനാവില്ലെന്നാണ് എൻടിഎ നിലപാട്.
അന്വേഷണം പൂർത്തിയാക്കി സിബിഐ സ്ഥിരീകരിച്ചാൽ മാത്രമേ അങ്ങനെ വിളിക്കാനാകൂ എന്ന് പാർലമെന്റിന്റെ വിദ്യാഭ്യാസകാര്യസ്ഥിരം സമിതിയെ എൻടിഎ അറിയിച്ചെന്നാണ് റിപ്പോർട്ട്.
കോൺഗ്രസ് എംപി ദിഗ്‌വിജയ് സിങ് അധ്യക്ഷനായ സമിതിക്ക് മുമ്പാകെ എൻടിഎ ഡയറക്‍ടർ ജനറൽ അഭിഷേക് സിങ്, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷി തുടങ്ങിയവരാണ് വ്യാഴാഴ്‌ച ഹാജരായത്.
പരീക്ഷയുടെ വിശ്വാസ്യതയെ ചോദ്യപേപ്പർ ചോർച്ച ബാധിച്ചു. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിശദികരിക്കാനാവില്ല. അന്വേഷണം പൂർത്തിയാകുന്ന മുറയ്‍ക്ക് വിശദവിവരങ്ങൾ അറിയിക്കാമെന്നും എൻടിഎ നിലപാടെടുത്തു. ഇതിൽ സമിതി അംഗങ്ങൾ അതൃപ്തി അറിയിച്ചു.
ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ സമിതിയെ അറിയിച്ചു. യോഗത്തിൽ എൻടിഎയ്‌ക്കെതിരെ പ്രതിപക്ഷ അംഗങ്ങളിൽനിന്ന് രൂക്ഷവിമർശമുയർന്നു.
2024ലെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് നിയമിക്കപ്പെട്ട ഐഎസ്ആർഒ മുൻ ചെയർമാൻ കെ രാധാകൃഷ്‍ണൻ സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കിയിട്ടില്ല. കേന്ദ്ര വിദ്യാഭ്യാസമന്ത്രി പ്രശ്‌നത്തെ വിലകുറച്ചുകണ്ടു. മന്ത്രി രാഷ്‌ട്രീയം കളിക്കുകയാണ്.
ചോർച്ചയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണം. ഇന്റലിജൻസ് പരാജയം ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും വിമർശമുയർന്നു. എന്നാൽ ബിജെപി അംഗങ്ങൾ എൻടിഎയെ പിന്തുണച്ചതായും റിപ്പോർട്ടുണ്ട്.










0 comments