ad
Deshabhimani

ഹരിദ്വാറിൽ അഹിന്ദുക്കൾക്ക് വിലക്ക്; പ്രവേശന കവാടങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചു

Haridwar.jpg
വെബ് ഡെസ്ക്

Published on Jan 17, 2026, 07:00 AM | 1 min read

ഹരിദ്വാർ: ഉത്തരാഖണ്ഡിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഹരിദ്വാറിൽ 'ഹിന്ദുക്കളല്ലാത്തവർക്ക് പ്രവേശനമില്ല' എന്ന ബോർഡുകൾ സ്ഥാപിച്ചു. തീർത്ഥാടന കേന്ദ്രത്തിന്റെ പരിസരത്തെ ഘാട്ടുകളുടെയും പരിപാലന ചുമതലയുള്ള ഗംഗാ സഭയാണ് വെള്ളിയാഴ്ച വിവിധ പ്രവേശന കവാടങ്ങളിലും പാലങ്ങളിലും തൂണുകളിലുമായി ബോർഡുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നിൽ.


ഹരിദ്വാർ കുംഭമേള പ്രദേശം 'ഹിന്ദു മേഖല'യായി പ്രഖ്യാപിക്കണമെന്നും ഗംഗാ തീരങ്ങളിലും ക്ഷേത്രങ്ങളിലും അഹിന്ദുക്കൾക്ക് പ്രവേശനം നിയന്ത്രിക്കണമെന്നുമുള്ള ആവശ്യങ്ങൾക്കിടയിലാണ് ഈ നീക്കം.


പ്രദേശത്തെ എല്ലാ പ്രവേശന കവാടങ്ങളിലും വ്യക്തമായി കാണാവുന്ന രീതിയിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങൾക്ക് മുമ്പ് അറബ് വംശജരുടെ പരമ്പരാഗത വസ്ത്രം ധരിച്ച രണ്ട് യുവാക്കൾ ഹരിദ്വാറിൽ വന്നിരുന്നു.


അന്നും മതസ്പർധ സൃഷ്ടിക്കാൻ ക്ഷേത്രം അധികാരികൾ ശ്രമിച്ചിരുന്നെങ്കിലും ഇവർ യൂട്യൂബ് വീഡിയോ ചിത്രീകരിക്കാൻ വന്ന ഹിന്ദുക്കളാണെന്ന് മനസിലാക്കി അത്തരം ശ്രമം ഒഴിവാക്കുകയായിരുന്നു.


ഈ സംഭവത്തിന് പിന്നാലെയാണ് ഗംഗാ സഭ ബോർഡുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. 1916-ലെ ഹരിദ്വാർ മുനിസിപ്പൽ ബൈലോ പ്രകാരം ഹർ കി പൗരിയിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് ഗംഗാ സഭ പ്രസിഡന്റ് നിതിൻ ഗൗതം പറഞ്ഞു.


ഈ നിയമത്തെക്കുറിച്ച് തീർത്ഥാടകരെയും മറ്റുള്ളവരെയും ബോധവാന്മാരാക്കാനാണ് ഇപ്പോൾ ബോർഡുകൾ സ്ഥാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത വർഷം നടക്കാനിരിക്കുന്ന 'അർദ്ധ കുംഭമേള'യ്ക്ക് മുന്നോടിയായി പ്രദേശം പൂർണ്ണമായും അഹിന്ദുക്കൾക്ക് നിരോധിക്കണമെന്ന ആവശ്യത്തിൽ ഉത്തരാഖണ്ഡ് സർക്കാർ ഗൗരവമായ ആലോചനയിലാണ്. തീർത്ഥാടന കേന്ദ്രത്തിന്റെ വിശുദ്ധി നിലനിർത്താനാണ് ഈ നടപടിയെന്നാണ് സഭയുടെ വിശദീകരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home