print edition നോയ്‌ഡ തൊഴിലാളി സമരം: 350 കുട്ടികൾ തടവിൽ


സ്വന്തം ലേഖകൻ
Published on Apr 21, 2026, 12:00 AM | 1 min read
ന്യൂഡൽഹി: ഉത്തർപ്രദേശിലെ നോയ്‌ഡയിൽ വേതന വർധന ആവശ്യപ്പെട്ടുള്ള തൊഴിലാളി സമരത്തെ അടിച്ചമർത്താൻ രംഗത്തിറങ്ങിയ പൊലീസ് 350 കുട്ടികളെ പിടികൂടി തടവിലാക്കി. ആയിരത്തിലേറെ ആളുകളെയാണ് തടവിലാക്കിയത്. സമരം രൂക്ഷമായ ഏപ്രിൽ 13, 14 തീയതികളിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന കുട്ടികളെയടക്കം പിടികൂടിയെന്ന് ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ(എഐഎൽയു), എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ എന്നീ സംഘടനകൾ സംയുക്തമായി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സമരത്തിന് സാക്ഷികളായവർ, ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന നിർമാണ തൊഴിലാളികൾ, മരുന്നും വസ്‌ത്രങ്ങളും വീട്ടുസാധനങ്ങളും വാങ്ങാൻ കടകളിലെത്തിയവർ എന്നിവരടക്കം എണ്ണൂറോളം മുതിർന്നവരെയും പൊലീസ് പിടികൂടി തടവിലാക്കി. യൂണിഫോമിലല്ലാതെയും പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളെ കസ്റ്റഡിയിലെടുത്തു.
ഏപ്രിൽ 15–17 തീയതികളിൽ ജോലിസ്ഥലത്തെത്തിയ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. സ്ഥാപനങ്ങളുടെ ഒത്താശയിലാണ് പലയിടത്തും തൊഴിലാളികളെ വേട്ടയാടിയത്. അറസ്റ്റിനെക്കുറിച്ചും തടവിലാക്കപ്പെട്ടതിനെക്കുറിച്ചുമുള്ള വിവരങ്ങൾ കുടുംബങ്ങൾക്ക് പൊലീസ് കൈമാറിയതുമില്ല. നോയ്‌ഡയിൽ തടവിലാക്കപ്പെട്ടവർക്ക് നിയമസഹായം ലഭ്യമാക്കാൻ മൂന്ന് സംഘടകളുടെയും ഡൽഹി സംസ്ഥാന സമിതി പ്രതിനിധികൾ മേഖലയിൽ സന്ദർശനം നടത്തി. നൂറിലേറെ പേരുമായി സംസാരിച്ച് വിവരം ശേഖരിച്ചു. പൊലീസിന്റെയും സർക്കാരിന്റെയും നടപടികൾ ഭരണഘടനാ മാനദണ്ഡങ്ങളും സുപ്രീംകോടതി അനുശാസിക്കുന്ന നിയമങ്ങളും ലംഘിക്കുന്നതാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ സ്വീകരിക്കേണ്ട നിയമനടിപടികളെക്കുറിച്ച് പൊലീസ് അതിക്രമങ്ങൾക്ക് വിധേയമായവർക്ക് പ്രതിനിധികൾ നിർദേശം നൽകി.











0 comments