ad
Deshabhimani

നോയിഡയിൽ തൊഴിലാളി പ്രക്ഷോഭം: 'പരാജയപ്പെട്ട ഭരണകൂടമെന്ന്' പ്രതിപക്ഷം

noi
വെബ് ഡെസ്ക്

Published on Apr 14, 2026, 03:32 PM | 1 min read

ന്യൂഡൽഹി: മിനിമം വേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് നോയിഡയിൽ നടന്ന തൊഴിലാളി പ്രക്ഷോഭം ഉത്തർപ്രദേശിൽ വലിയ രാഷ്ട്രീയ പോരിലേക്ക്. തിങ്കളാഴ്ച നടന്ന പ്രതിഷേധം അക്രമാസക്തമായതോടെ ഭരണകക്ഷിയും പ്രതിപക്ഷവും പരസ്പരം കടന്നാക്രമണവുമായി രംഗത്തെത്തി.


ക്രമസമാധാനം തകർന്നുവെന്നും യുപി ഒരു 'പരാജയപ്പെട്ട സംസ്ഥാനമായി' മാറിയെന്നും പ്രതിപക്ഷം ആരോപിക്കുമ്പോൾ, പ്രക്ഷോഭത്തിന് പിന്നിൽ പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഗൂഢാലോചനയാണെന്നാണ് ഉത്തർപ്രദേശ് സർക്കാരിന്റെ വാദം. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയാണ് നോയിഡയിലെ വിവിധ വ്യാവസായിക മേഖലകളിൽ പ്രക്ഷോഭം ആരംഭിച്ചത്.


എൺപതിലധികം സ്ഥലങ്ങളിലായി നാൽപ്പതിനായിരത്തോളം തൊഴിലാളികളാണ് ഒത്തുകൂടിയത്. ഹരിയാനയിൽ മിനിമം വേതനം 19,000 രൂപയായി ഉയർത്തിയതിന് പിന്നാലെ, യുപിയിലും സമാനമായ വർധന വേണമെന്നതായിരുന്നു പ്രധാന ആവശ്യം. നോയിഡ ഫേസ്-2, സെക്ടർ 62, 63 എന്നിവിടങ്ങളിൽ പ്രതിഷേധം അക്രമാസക്തമായി.


Related News


ഫാക്ടറികൾക്ക് നേരെ കല്ലേറുണ്ടാവുകയും നിരവധി വാഹനങ്ങൾ പ്രതിഷേധക്കാർ തീയിടുകയും ചെയ്തു. മണിക്കൂറുകളോളം ഡൽഹി-നോയിഡ അതിർത്തിയിൽ ഗതാഗതം സ്തംഭിച്ചു. ലാത്തിവീശിയും കണ്ണീർവാതകം പ്രയോഗിച്ചുമാണ് പൊലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. മുന്നൂറിലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


പ്രക്ഷോഭത്തിന് പിന്നിൽ വിദേശ ശക്തികളുടെ കൈകളുണ്ടെന്ന് ഉത്തർപ്രദേശ് തൊഴിൽ മന്ത്രി അനിൽ രാജ്ഭർ ആരോപിച്ചു. അടുത്തിടെ മീററ്റിലും നോയിഡയിലും അറസ്റ്റിലായ ഭീകരർക്ക് പാകിസ്ഥാനിലെ ഹാൻഡ്‌ലർമാരുമായി ബന്ധമുണ്ടായിരുന്നുവെന്നും, സമാനമായ രീതിയിൽ സംസ്ഥാനത്തെ അസ്ഥിരപ്പെടുത്താൻ പാക് കേന്ദ്രീകൃത ശക്തികൾ തൊഴിലാളി പ്രക്ഷോഭത്തെ മറയാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


പ്രകോപനം സൃഷ്ടിക്കാൻ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തിയ അമ്പതിലധികം ബോട്ട് അക്കൗണ്ടുകൾ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുന്നതിന് പകരം ഗൂഢാലോചന സിദ്ധാന്തങ്ങൾ ഉയർത്തി സർക്കാർ തടിതപ്പുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.


വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന തൊഴിലാളികളെ കേൾക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും യുപിയിൽ ജംഗിൾ രാജ് ആണെന്നും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാണെന്നും വിമർശനമുണ്ട്. അതേസമയം, പ്രതിഷേധത്തെത്തുടർന്ന് തൊഴിലാളികളുടെ മിനിമം വേതനത്തിൽ സർക്കാർ നേരിയ വർധന വരുത്തിയിട്ടുണ്ട്.


അൺസ്‌കിൽഡ് തൊഴിലാളികൾക്ക് പ്രതിമാസം 13,690 രൂപയായാണ് വേതനം ഉയർത്തിയത്. എന്നാൽ 20,000 രൂപ മിനിമം വേതനം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് തൊഴിലാളി സംഘടനകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home