മല്ലപ്പള്ളിയിൽ "മല്ലൻ'മാരുണ്ടോ?

ആൽഫിൻ ഡാനി
Published on Sep 03, 2026, 12:05 AM | 1 min read
മല്ലപ്പള്ളി
ബിഎക്കാരുടെ നാട്, ഇന്ത്യയിലെ ഏറ്റവും സാക്ഷരത കൂടിയ താലൂക്ക്, വോളിബോളിന്റെ ഈറ്റില്ലം – മല്ലപ്പള്ളിക്ക് വിളിപ്പേരുകൾ ഏറെയാണ്. ഈ നാടിന് മല്ലപ്പള്ളി എന്ന പേര് വന്നതിനുപിന്നിലും ചില രസകരമായ കഥകൾ പ്രചാരത്തിലുണ്ട്.
ആധികാരിക രേഖകളുടെ പിൻബലമൊന്നുമില്ലാത്ത ഇൗ കഥകൾ പഴങ്കഥയായി ഇന്നും തലമുറ കൈമാറപ്പെടുന്നു. പഴയ ബ്രിട്ടീഷ് രേഖകളിലൊന്നും മല്ലപ്പള്ളി എന്ന പേര് രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ മല്ലപ്പള്ളിയുടെ സമീപപ്രദേശങ്ങളുടെ പല പേരുകളും ഉൾപ്പെട്ടിട്ടുമുണ്ട്.
കല്ലൂപ്പാറ കേന്ദ്രമാക്കിയുള്ള ഇടപ്പള്ളി സ്വരൂപത്തിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. 1825ൽ തിരുവിതാംകൂറിന്റെ ഭാഗമായി മാറിയ ഘട്ടത്തിൽ മല്ലപ്പള്ളി എന്ന പേര് പ്രചാരത്തിലുണ്ടായിരുന്നു. ഈ സ്ഥലത്ത് മല്ലയുദ്ധങ്ങളിലും കളരിപ്പയറ്റ് പോലെയുള്ള ആയോധനകലകളിലും പങ്കെടുക്കുന്ന മല്ലൻമാർ ധാരാളമുണ്ടായിരുന്നുവെന്നും അവരുടെ കേന്ദ്രമെന്ന അർത്ഥത്തിൽ മല്ലൻപള്ളി എന്ന് ഈ പ്രദേശത്തെ വിളിച്ചിരുന്നു എന്നുമാണ് പ്രചാരത്തിലുള്ള പ്രധാന കഥ. മല്ലൻപള്ളി പിന്നീട് മല്ലപ്പള്ളി ആയി മാറിയെന്നാണ് ചരിത്രം. ബുദ്ധൻമാരുടെ കേന്ദ്രമായിരുന്നു എന്നും മല്ലപ്പള്ളി എന്ന പേര് ഈ പ്രദേശത്തിന്റെ ബുദ്ധമത പാരമ്പര്യത്തെയാണ് അടയാളപ്പെടുത്തുന്നതെന്നും വാദമുണ്ട്. പള്ളി എന്നാൽ ബുദ്ധവിഹാരങ്ങളെയാണ് സൂചിപ്പിക്കുന്നതെന്നും ആ അർത്ഥത്തിലാണ് പേര് രൂപപ്പെട്ടതെന്നും ഒരു വിഭാഗം വിശ്വസിക്കുന്നു.
കഥകൾ പലതുണ്ടെങ്കിലും ആധികാരിക തെളിവുകൾ ഇല്ലാത്തതിനാൽ പേരിന്റെ ഉത്ഭവം സംബന്ധിച്ച വാദങ്ങളൊന്നും ഉറപ്പിക്കാനാവില്ല. പക്ഷേ സാക്ഷരതയിലും കായിക പ്രേമികളുടെ കാര്യത്തിലും മതസൗഹാർദത്തിന്റെ കാര്യത്തിലും മല്ലപ്പള്ളി എന്നും മുൻപന്തിയിലുണ്ട്.









0 comments