print edition നോയ്‌ഡ സമരം; 13 ദിവസത്തിനുശേഷം സിഐടിയു നേതാവിന് മോചനം

ഗംഗേശ്വർ ദത്ത് ശർമ

സ്വന്തം ലേഖകൻ
Published on Apr 23, 2026, 12:00 AM | 1 min read
ന്യൂഡൽഹി : നോയ്‌ഡയിലെ തൊഴിലാളി സമരം അടിച്ചമർത്തുന്നതിന് യുപി പൊലീസ് വീട്ടുതടങ്കലിലാക്കിയ സിഐടിയു ഗൗതം ബുദ്ധ് നഗർ ജില്ലാ സെക്രട്ടറി ഗംഗേശ്വർ ദത്ത് ശർമയ്‌ക്ക് 13 ദിവസത്തിനുശേഷം മോചനം. സമരം തുടങ്ങിയ ഏപ്രിൽ ഒമ്പതിന് രാത്രിയാണ് ഗംഗേശ്വറിനെ തടവിലാക്കിയത്. ഫോണും പിടിച്ചെടുത്തു. സിഐടിയു നേതാക്കൾക്കെതിരെ മാത്രമായിരുന്നു നടപടി. സ്ഥലത്തെ സിഐടിയു ഓഫീസുകൾ അടച്ചുപൂട്ടി. സമരത്തിൽ പങ്കെടുത്തവരെ പിന്നീട് പൊലീസ് വിട്ടയച്ചെങ്കിലും ഗംഗേശ്വറിനെ മോചിപ്പിക്കാൻ തയ്യാറായിരുന്നില്ല. സിഐടിയു സമ്മർദം ശക്തമാക്കിയതിനെത്തുടർന്നാണ് ചൊവ്വാഴ്‌ച രാത്രി അദ്ദേഹത്തെ മോചിപ്പിച്ചത്.
‘‘തൊഴിലാളികളുടെ പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കുന്നത് തടയുക എന്നതായിരുന്നു പൊലീസിന്റെ ലക്ഷ്യം. ഇത്രയുംനാൾ എന്നെ വീട്ടുതടങ്കലിൽ പാർപ്പിച്ചത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്’’ – മോചിതനായശേഷം ഗംഗേശ്വർ പറഞ്ഞു.
സമരത്തിന്റെ ഭാഗമായ നൂറോളം തൊഴിലാളികൾ ജയിലിൽ തുടരുകയാണ്. തൊഴിലാളികൾക്ക് ഐക്യദാർഢ്യം അറിയിച്ചും സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർടികൾ വെള്ളിയാഴ്‌ച ഡൽഹി ജന്തർ മന്തറിൽ പരിപാടി സംഘടിപ്പിക്കും.










0 comments