നോയ്‌ഡ സമരം: തൊഴിലാളികൾക്ക് എല്ലാവിധ നിയമസഹായവും നൽകും- ലോയേഴ്‌സ് യൂണിയൻ

ന്യൂഡൽഹി: നോയ്‌ഡ സമരത്തെത്തുടർന്ന് പൊലീസ് നടപടിയുണ്ടായ തൊഴിലാളിക്ക് എല്ലാ വിധ നിയമസഹായവും നൽകുമെന്ന് അഖിലേന്ത്യാ ലോയേഴ്‌സ് യൂണിയൻ. നൂറോളം തൊഴിലാളികൾ ഇപ്പോഴും പൊലീസ് കസ്റ്റഡിയിൽ കഴിയുകയാണ്. എഫ്‌ഐആറുൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
തൊഴിലാളി സമരത്തെ സംബന്ധിച്ച് സുപ്രീംകോടതിയിൽ പൊതുതാത്‌പര്യ ഹർജി സമർപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ലോയേഴ്‌സ് യൂണിയൻ പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമരമുണ്ടായതിനെത്തുടർന്ന് ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രതിനിധികളുമായി ചേർന്ന് ലോയേഴ്‌സ് യൂണിയൻ നോയ്‌ഡയിലെത്തി വസ്‌തുതാന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ആയിരത്തിലേറെ പേരെ പൊലീസ് തടവിലാക്കിയെന്നും ഇതിൽ മുന്നൂറിലധികം പേർ കുട്ടികളായിരുന്നെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
ഒരാൾക്ക് ചിന്തിക്കാൻ കഴിയുന്നതിലും വലിയ സംഭവവികാസങ്ങളാണ് നോയ്‌ഡയിലുണ്ടായത്. ഭരണഘടന നൽകുന്ന എല്ലാവിധ സംരക്ഷണങ്ങളും കാറ്റിൽപ്പറത്തിയായിരുന്നു സർക്കാർ നടപടി. വനിതകളും കുട്ടികളും ആക്രമിക്കപ്പെട്ടു. തടവിലായവർക്ക് നിയമസഹായം നിഷേധിച്ചു. യൂണിഫോം പോലും ഇല്ലാതെയായിരുന്നു പൊലീസ് നടപടി. തടവിലാക്കപ്പെട്ടവരെ കോടതിക്ക് മുന്നിൽ ഹാജരാക്കൻ പൊലീസ് തയ്യാറായില്ല.
വസ്‌തുതാന്വേഷണ റിപ്പോർട്ട് തയ്യാറാക്കുന്നതിനായി നോയ്‌ഡയിലെത്തിയ സംഘത്തെ തടയാനുള്ള ശ്രമങ്ങളും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായി. തൊഴിലാളികളോടും ജനങ്ങളോടും സംസാരിക്കുന്നതിൽ നിന്ന് സംഘാംഗങ്ങളെ തടഞ്ഞു. കസ്റ്റഡിയിലാക്കപ്പെട്ടവരെ സംബന്ധിച്ച വിവരങ്ങൾ നൽകാൻ പൊലീസ് വിസമ്മതിച്ചു. നിങ്ങൾ പുറത്തുള്ളയാളുകളല്ലേ, എന്തിനാണ് വിഷയത്തിൽ ഇടപെടുന്നത് എന്നായിരുന്നു പൊലീസ് മറുപടിയെന്നും പ്രതിനിധികൾ പറഞ്ഞു.
ലോയേഴ്‌സ് യൂണിയൻ ഭാരവാഹികളായ സുനിൽ കുമാർ, സുഭാഷ് ചന്ദ്രൻ, അദ്രിജ ഭദ്ര, ഋഷി നന്ദി ഡിവൈഎഫ്‌ഐയെ പ്രതിനിധീകരിച്ച് ഉപാസന ഗോയാൽ, എസ്‌എഫ്‌ഐയിൽ നിന്ന് അചിന്ത്യ എന്നിവർ സംസാരിച്ചു. സമരത്തെത്തുടർന്ന് വീട്ടുതടങ്കലിയാല സിഐടിയു നേതാവ് ഗംഗേശ്വർ ദത്ത് ശർമയും വാർത്താസമ്മേളനത്തിൽ സന്നിഹതനായി.











0 comments