print edition നോയ്‌ഡ തൊഴിലാളി സമരം: ഐഎൽഒയ്‌ക്ക് പരാതി നൽകി സിഐടിയു


സ്വന്തം ലേഖകൻ
Published on Apr 30, 2026, 12:03 AM | 1 min read
ന്യൂഡൽഹി: നോയ്‌ഡയിലെ തൊഴിലാളികളുടെ മൗലികാവകാശ ലംഘനം ചൂണ്ടിക്കാട്ടി അന്താരാഷ്‌ട്ര തൊഴിൽ സംഘടന (ഐഎൽഒ)യ്‌ക്ക് പരാതി നൽകി സിഐടിയു ഡൽഹി സംസ്ഥാന കമ്മിറ്റി. ട്രേഡ് യൂണിയൻ അവകാശങ്ങളുടെ ലംഘനവും ഏപ്രിൽ ഒമ്പത് മുതലുണ്ടായ തൊഴിലാളി പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള സർക്കാർ ശ്രമം പരാതിയിലുന്നയിച്ചു.
പത്തുവർഷത്തിലേറെയായി യുപിയിലെ മിനിമം വേതനം പരിഷ്‌കരിച്ചിട്ട്. അവിദഗ്‌ദ തൊഴിലാളികൾക്ക് മാസം ലഭിക്കുന്നത് വെറും 11,364 രൂപയാണ്. ഡൽഹി രാജ്യതലസ്ഥാന മേഖല ഉൾപ്പെടുന്ന നോയ്‌ഡയിലെ തൊഴിലാളികൾക്ക് ഇൗ തുക കൊണ്ട് അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാനാകുന്നില്ല. പ്രതിദിനം എട്ടുമണിക്കൂറിലധികം പണിയെടുക്കുന്ന തൊഴിലാളിക്ക് അധികസമയവേതനം ലഭിക്കുന്നില്ല. തൊഴിൽ കോഡുകൾ, ദീർഘകാലമായി നിലനിൽക്കുന്ന സാന്പത്തിക പ്രശ്‌നങ്ങൾ, വിലക്കയറ്റം, പശ്ചിമേഷ്യൻ സംഘർഷം എന്നിവയാണ് തൊഴിലാളി പ്രക്ഷോഭത്തിന് കാരണമായത്.
പ്രതിഷേധിച്ച തൊഴിലാളികളെ ചർച്ചയ്‌ക്ക് വിളിച്ച് പരിഹാരം കാണുന്നതിന് പകരം അധികാരികൾ ക്രൂരമായ പൊലീസ് അതിക്രമം അഴിച്ചുവിട്ടു. കുട്ടികളുൾപ്പെടെ 1,200ലേറെ പേരെ അറസ്റ്റ് ചെയ്തു. ട്രേഡ് യൂണിയൻ നേതാക്കൾക്ക് നേരെയും സമാന നടപടിയുണ്ടായി. അന്താരാഷ്‌ട്ര തൊഴിൽ നിയമങ്ങളുടെ ലംഘനമാണ് നോയ്‌ഡയിലുണ്ടായത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളെ സംഭവത്തിൽ ഉത്തരവാദിയാക്കണം. അറസ്റ്റിലായ തൊഴിലാളികളെ മോചിപ്പിക്കുന്നതിനും ക്രിമിനൽ കേസുകൾ പിൻവലിക്കാനും നടപടികൾ സ്വീകരിക്കുകയും ജുഡീഷ്യൽ അന്വേഷണത്തിന് ആവശ്യപ്പെടുകയും വേണം. മാന്യമായ തൊഴിൽ സാഹചര്യം, നീതി എന്നിവ ഉയർത്തിപ്പിടിക്കുന്നതിന് വിഷയത്തിൽ ഐഎൽഒ അടിയന്തരമായി ഇടപെടണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി വി അനിയൻ, പ്രസിഡന്റ് വീരേന്ദർ ഗൗർ എന്നിവർ കത്തിൽ പറഞ്ഞു.











0 comments