print edition നോയ്‌ഡയിൽ അതിക്രമം തുടർന്ന് പൊലീസ്; ജോലിക്കെത്തുമ്പോൾ അറസ്‌റ്റ്

ന്യൂഡൽഹി : ന്യായമായ വേതന വർധന ആവശ്യപ്പെട്ട് തൊഴിലാളി സമരം രൂക്ഷമായ ഉത്തർപ്രദേശിലെ നോയ്‌ഡയിൽ സഞ്ചാരസ്വാതന്ത്ര്യമടക്കം നിയന്ത്രിച്ച് ഭീതി പടർത്തുന്നത് തുടർന്ന് പൊലീസ്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വ്യാവസായിക മേഖലയിൽ ആളുകൾ ഒരുമിച്ച് നിൽക്കുന്നത് തടയുകയാണ്. പലയിടത്തും പൊലീസ് ലാത്തിവീശി.
സമരത്തിന്റെ പേരിൽ 350 കുട്ടികളടക്കം ആയിരത്തിലധികം ആളുകളെ കസ്‌റ്റഡിയിൽ എടുത്ത പൊലീസ് ഇപ്പോഴും നൂറിലധികം ആളുകളെ തടവിൽവച്ചിരിക്കുകയാണ്. കർശന നിബന്ധനകളോടെയാണ് മറ്റുള്ളവരെ മോചിപ്പിച്ചത്. ഇവരുടെ മൊബൈൽ ഫോണടക്കം പിടിച്ചുവച്ചിരിക്കുയാണ്.
ഫോൺ വഴി ഇവരുടെ സമൂഹ മാധ്യമങ്ങളടക്കം പൊലീസ് പരിശോധിച്ചു. സിഐടിയു ഗൗതം ബുദ്ധ നഗർ ജില്ലാ സെക്രട്ടറി ഗംഗേശ്വർ ദത്ത് ശർമയെ വീട്ടുതടങ്കലിൽ നിന്ന് യുപിയിലെ ബിജെപി സർക്കാർ ഇതുവരെ മോചിപ്പിച്ചിട്ടില്ല.
സമരം നടന്ന മുഴുവൻ ഫാക്‌ടറികളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അൻപതിലധികം ഫാക്‌റികളിൽ പ്രവർത്തനം പുനരാരംഭിച്ചിട്ടില്ല. അതേസമയം ജോലിക്കെത്തുന്ന തൊഴിലാളികളെ കന്പനികളുടെ നിർദേശ പ്രകാരം പൊലീസ് കസ്റ്റഡിയിലെടുക്കുന്നുണ്ട്. സമരത്തിൽ പങ്കെടുത്തതിനാണ് നടപടി.
സിഐടിയു ഓഫീസ് തുറന്നു
സമരത്തെത്തുടർന്ന് പൊലീസ് അടച്ചുപൂട്ടിയ സിഐടിയുവിന്റെ നോയ്‌ഡ ഫേ-സ് ടുവിലെ ഓഫീസ് ചൊവ്വാഴ്‌ച തുറന്നു. തൊഴിലാളികൾക്ക് നിയമസഹായം ലഭ്യമാക്കാനുള്ള പ്രവർത്തനം സിഐടിയു ഗൗതം ബുദ്ധ നഗർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടങ്ങി.











0 comments