പരീക്ഷാ സമ്മർദ്ദം: നോയിഡയിൽ പ്ലസ് ടു വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു

നോയിഡ: പരീക്ഷാ സമ്മർദ്ദത്തെത്തുടർന്ന് ഉത്തർപ്രദേശിലെ നോയിഡയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. സെക്ടർ 168-ലെ ഫ്ലാറ്റ് സമുച്ചയത്തിന്റെ മുകളിൽ നിന്ന് ചാടിയാണ് 17 വയസ്സുകാരൻ ജീവനൊടുക്കിയത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
ഡൽഹിയിലെ പ്രമുഖ സ്കൂളിലെ വിദ്യാർത്ഥിയാണ് മരിച്ച ആര്യൻ. പ്രാക്ടിക്കൽ പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ ആര്യൻ സ്വന്തം വീടിരിക്കുന്ന ഫ്ലാറ്റിലേക്ക് പോകുന്നതിന് പകരം മറ്റൊരു ടവറിന്റെ മുകളിലേക്ക് കയറുകയായിരുന്നു.
കെട്ടിടത്തിന്റെ മുകളിൽ നിന്ന് ആര്യന്റെ സ്കൂൾ ബാഗ് പൊലീസ് കണ്ടെടുത്തു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരീക്ഷയുമായി ബന്ധപ്പെട്ട കടുത്ത മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മരണപ്പെട്ട ആര്യന്റെ പിതാവ് ജർമ്മനിയിൽ ബിസിനസുകാരനാണ്. ഇദ്ദേഹം ഞായറാഴ്ച നോയിഡയിലെത്തി. പഠനത്തിൽ മിടുക്കനായിരുന്ന ആര്യൻ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല. വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പരീക്ഷാ സമ്മർദ്ദം കുറയ്ക്കാൻ കുട്ടികൾക്ക് കൗൺസിലിംഗ് നൽകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതാണ് ഈ ദാരുണ സംഭവം.










0 comments