ad
Deshabhimani

സംസ്ഥാന പദവിയില്ല; ലഡാക്കിന്‌ കൂടുതൽ അധികാരം നൽകാൻ ധാരണ

ladakh

photo credit: X

avatar
സ്വന്തം ലേഖകൻ

Published on May 24, 2026, 09:00 AM | 1 min read

ന്യൂഡൽഹി : ജമ്മു കശ്‌മീരിനെ ഏകപക്ഷീയമായി വിഭജിച്ച്‌ രൂപീകരിച്ച കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്‌ സംസ്ഥാന പദവി അനുവദിക്കാൻ തയ്യാറാകാതെ മോദി സർക്കാർ. "കൂടുതൽ അധികാരങ്ങളുള്ള നിയമനിർമാണ സഭയോടുകൂടിയ കേന്ദ്രഭരണ പ്രദേശ'മെന്ന പദവി നൽകാമെന്നാണ്‌ കേന്ദ്ര നിലപാട്‌. കാർഗിൽ ഡെമോക്രാറ്റിക്‌ അലയൻസ്‌, ലേ അപെക്‌സ്‌ ബോഡി എന്നീ സംഘടനകളുമായി നടത്തിയ ചർച്ചയിലാണ്‌ ആഭ്യന്തര മന്ത്രാലയം അനുച്ഛേദം 371 പ്രകാരമുള്ള സംരക്ഷണം ലഡാക്കിന്‌ നൽകാമെന്ന്‌ സമ്മതിച്ചത്‌. ലഡാക്കിന്‌ സംസ്ഥാന പദവിയുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച്‌ സമരം ചെയ്തതിന്‌ ദേശസുരക്ഷ നിയമം ചുമത്തി കേന്ദ്രം ജയിലിലടച്ച സോനം വാങ്‌ചുക്കും യോഗത്തിൽ പങ്കെടുത്തു.


ലഡാക്കിൽ ജനാധിപത്യം പുനഃസ്ഥാപിക്കുന്നത്‌ സംബന്ധിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി തത്വത്തിൽ ധാരണയായെന്ന്‌ യോഗത്തിനുശേഷം പ്രതിനിധികൾ അറിയിച്ചു. അനുച്ഛേദം 371 എ, എഫ്‌, ജി പ്രകാരം നാഗാലാൻഡ്‌, മിസോറാ‍ം, സിക്കിം സംസ്ഥാനങ്ങൾക്കുള്ളതിന്‌ സമാനമായ സംരക്ഷണമാണ്‌ ലഡാക്കിന്‌ ലഭിക്കുക. ഇതുപ്രകാരം നിയമനിർമാണം, എക്‌സിക്യൂട്ടീവ്‌, സാന്പത്തിക അധികാരങ്ങൾ എന്നിവ കേന്ദ്രഭരണ പ്രദേശത്തുള്ള നിയമനിർമാണസഭ വഴി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കായിരിക്കും. ഇത്‌ എംഎൽഎമാർ എന്ന നിലയിലാണോ എന്ന്‌ വ്യക്തമാക്കിയിട്ടില്ല. അതോടൊപ്പം സംസ്ഥാനത്തെ ചീഫ്‌ സെക്രട്ടറി ഉൾപ്പെടെയുള്ള മുഴുവൻ ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ കീഴിലായിരിക്കും.


ഭൂമി, ജോലി, സംസ്‌കാരം എന്നിവയിലും അധികാരമുണ്ടാകും. ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും സംസ്ഥാന പദവി നൽകണമെന്നുമുള്ള ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിച്ചതായും സംഘടനകൾ പറഞ്ഞു. ജീവനക്കാരുടെ ശമ്പളം അടക്കമുള്ള ചെലവുകൾക്കുള്ള വരുമാനം ലഡാക്കിൽ നിലവിൽ ഇല്ലാത്തതിനാലാണ്‌ സംസ്ഥാന പദവി നൽകാനാകാത്തതെന്ന്‌ ആഭ്യന്തര മന്ത്രാലയം അധികൃതർ വിശദീകരിച്ചതായും സംഘടനകൾ പ്രസ്‌താവനയിൽ പറഞ്ഞു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home