സൈബർ തട്ടിപ്പ്
ഒടിപി ഇല്ലാതെ മൊബൈൽ നമ്പർ മാറ്റി; വ്യാജ വീഡിയോയുണ്ടാക്കി വായ്പയെടുത്തു: നാല് പേർ അറസ്റ്റിൽ

അഹമ്മദാബാദ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായ തട്ടിപ്പ് സംഘം ( Photo: X)
അഹമ്മദാബാദ്: ഗൂഗിൾ ജെമിനി ഉൾപ്പെടെയുള്ള എഐ ടൂളുകൾ ഉപയോഗിച്ച് ബിസിനസുകാരന്റെ വ്യാജ വീഡിയോകൾ (Deepfakes) നിർമ്മിച്ച് തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ. കനുഭായ് പർമാർ, ആശിഷ് വനന്ദ്, മുഹമ്മദ് കൈഫ് പട്ടേൽ, ദീപ് ഗുപ്ത എന്നീ നാല് പേരെ അഹമ്മദാബാദ് സൈബർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇറക്കുമതി-കയറ്റുമതി ബിസിനസ് ചെയ്തിരുന്ന അഹമ്മദാബാദ് സ്വദേശിയാണ് തട്ടിപ്പിനിരയായത്.
എഐ ടൂളുകൾ ഉപയോഗിച്ച് നിർമിച്ച ഇരയുടെ വ്യാജ വീഡിയോകൾ ഉപയോഗിച്ച് തട്ടിപ്പുകാർ ആധാർ ബയോമെട്രിക് വെരിഫിക്കേഷൻ മറികടന്നു. കൂടാതെ, ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ ഒടിപി (OTP) പരിശോധന മാറ്റി, സന്ദേശങ്ങൾ പ്രതികളുടെ നമ്പറിലേക്ക് റീഡയറക്ട് ചെയ്യുകയും ചെയ്തു. പിന്നീട് ഇരയുടെ ഡിജിലോക്കർ അക്കൗണ്ട് കൈക്കലാക്കി അതിൽ സൂക്ഷിച്ചിരുന്ന പ്രധാനപ്പെട്ട രേഖകൾ പ്രതികൾ ചോർത്തി.
കൈക്കലാക്കിയ വിവരങ്ങൾ ഉപയോഗിച്ച് ഇരയുടെ പേരിൽ മൂന്ന് ബാങ്കുകളിൽ അക്കൗണ്ട് തുറക്കാൻ ശ്രമിച്ചു. അതിൽ ജിയോ പേയ്‌മെന്റ്സ് ബാങ്കിൽ (Jio Payments Bank) അക്കൗണ്ട് തുറന്നു. ഈ അക്കൗണ്ട് ഉപയോഗിച്ച് 25,000 രൂപ വായ്പ എടുക്കുകയും സാമ്പത്തിക തിരിമറി നടത്തുകയും ചെയ്തു. പ്രതികളിൽ ഒരാൾ കോമൺ സർവീസ് സെന്ററിൽ (CSC) ജോലി ചെയ്യുന്നയാളാണ്. ഇയാൾക്ക് ആധാർ സിസ്റ്റങ്ങളിലുള്ള ആക്സസ് തട്ടിപ്പിനായി ദുരുപയോഗം ചെയ്തതായും പൊലീസ് പറയുന്നു.
ബാങ്കിംഗ് മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉയർത്തുന്ന വെല്ലുവിളികൾ ഈ സംഭവം അടിവരയിടുന്നു. എഐ ടൂളുകൾ (ജെമിനി, ആന്ത്രോപിക്കിന്റെ ക്ലോഡ് മിത്തോസ് തുടങ്ങിയവ) സുരക്ഷാ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ബാങ്ക് ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗം ചേർന്നിരുന്നു.










0 comments