'അഹമ്മദബാദിലെ അപകടം പൈലറ്റിന്റെ തെറ്റാണെന്ന് ആരും വിശ്വസിക്കുന്നില്ല'; കൊലപ്പെട്ട പൈലറ്റിന്റെ അച്ഛനോട് സുപ്രീംകോടതി

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന അപകടം പൈലറ്റിന്റെ തെറ്റാണെന്ന് രാജ്യത്ത് ആരും വിശ്വസിക്കുന്നില്ലെന്ന് സുപ്രീംകോടതി. മരിച്ച പൈലറ്റ് സുമീത് സബർവാളിന്റെ അച്ഛൻ പുഷ്കരാജ് നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. സബർവാൾ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) അന്വേഷണം തെറ്റായ ദിശയിലെന്ന് ആരോപിച്ചാണ് പുഷ്കരാജ് സുപ്രീംകോടതിയെ സമീപിച്ചത്.
'അഹമ്മദാബാദിലേത് ഒരു അപകടം മാത്രമായിരുന്നു. പ്രാഥമിക റിപ്പോർട്ടുകളിൽ പോലും പൈലറ്റിനെതിരായി ഒരു സൂചനയുമില്ല. ആ ഭാരം സ്വയം ചുമലിലേറ്റരുത്'- പുഷ്കരാജിനോട് സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‍മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
എഎഐബിയുടെ റിപ്പോർട്ടിൽ അപകടകാരണം തന്റെ മകനാണെന്ന് റിപ്പോർട്ട് ഉണ്ടാകുമോ എന്ന് ആശങ്കയുണ്ടെന്നും അന്വേഷണം നേർവഴിയിലേക്ക് നയിക്കാൻ കേന്ദ്രസർക്കാർ നേരിട്ട് അന്വേഷണത്തിന് നേതൃത്വം നൽകണമെന്നും ആവശ്യപ്പെട്ട് പുഷ്കരാജ് കേന്ദ്രത്തിന് നേരത്തെ കത്തയിച്ചിരുന്നു.
ജൂൺ 12 നായിരുന്നു അഹമ്മദാബാദ് വിമാന ദുരന്തം. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന വിമാനം വെറും 32 സെക്കന്റുകൾക്കകമാണ് തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ക്യാബിൻ ക്രൂവും വിമാനം തകർന്നുവീണ മെഡിക്കൽ വിദ്യാർഥികളുടെ ഹോസ്റ്റലിലും സമീപത്തെ സ്റ്റാഫ് ക്വാർട്ടേഴ്സിലുമായി 260 പേരാണ് മരിച്ചത്.










0 comments